ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും നിർമ്മാണനിരോധനത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി റവന്യു മന്തിക്ക് കത്തയച്ചു

പട്ടയ ഭൂമിയിലെ വീടൊഴികെയുള്ള നിർമ്മാണങ്ങൾ ചട്ടലംഘനത്തിൻറെ പരിധിയിലുൾപ്പെടുത്തി ഇവ ക്രമപ്പെടുത്താൻ ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും നിർമ്മാണനിരോധനത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി റവന്യു മന്തിക്ക് കത്തയച്ചു
ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം: ഭൂപതിവ് നിയമഭേതഗതിയുടെ ചട്ടരൂപീകരികരണത്തിൽ പട്ടയ ഭൂമിയിലെ വീടൊഴികെയുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ ഫീസ് ഈടാക്കാനുള്ള നീക്കം ഒഴിവാക്കുക, 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി വിധി പുനപരിശോധിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എം.പി റവന്യു മന്തിക്ക് കത്തയച്ചു.

മുന്നാറിലും മറ്റ് മേഖലകളിലും സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ ഡബ്ലു.പി.(സി)1801/2010 കേസിന്റെ ഭാഗമായി കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഇടുക്കിയിൽ ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് 22/8/2019ൽ ഉത്തരവ് ഇറക്കുകയാണ് സർക്കാർ ചെയ്തത്. ഈ ഉത്തരവ് ജില്ലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമുണ്ടാകുകയും ഈ പ്രതിസന്ധി പരിഹരിക്കാൻ ഭൂപതിവ് നിയമം ഭേതഗതി ചെയുകയും തുടർന്ന് വിഞ്ജാപനമിറക്കുകയും ഇപ്പോൾ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കുകയുമാണ്.

പട്ടയഭൂമിയിലെ വീടൊഴികെയുള്ള നിർമ്മാണങ്ങൾ വിവിധ സ്ലാബുകളായി തിരിച്ച് ഫൈനും ഗ്രീൻ സെസ്സും ഈടാക്കി ക്രമപ്പെടുത്തി നൽകാനാണ് 10/ 1/2023 ലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അങ്ങ് കൂടി പങ്കെടുത്ത ഉന്നതലയോഗത്തിൽ എടുത്തിട്ടുള്ള തീരുമാനം. നിയമസഭ പാസാക്കിയ 1964 ലെ ഭൂപതിവ് നിയമഭേതഗതിയെ തുടർന്ന് 2024 ജൂൺ 7 ന് സർക്കാർ ഇറക്കിയ ഇറക്കിയ വിഞ്ജാപനത്തിലും "നടപടി ക്രമം നിർണ്ണയിച്ചും നിബന്ധനകൾക്കും വ്യവസ്‌ഥകൾക്കും വിധേയമായായി ക്രമവൽക്കരണം” എന്നാണ് പറഞ്ഞിരിക്കുന്നത്. പട്ടയ ഭൂമിയിലെ വീടൊഴികെയുള്ള നിർമ്മാണങ്ങൾ ചട്ടലംഘനത്തിൻറെ പരിധിയിലുൾപ്പെടുത്തി ഇവ ക്രമപ്പെടുത്താൻ ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. കാരണം 22/8/2019 ൽ ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമ്മാണം തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങും വരെ ഇടുക്കിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. മുന്നാറിൽ പോലും കെട്ടിട നിർമാണം നിയന്ത്രിക്കാൻ ചില നിർദേശങ്ങൾ ഉയർന്നു വന്നതല്ലാതെ ഈ മേഖലയിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഒരു തടസവും ഉണ്ടായിരുന്നില്ല.

തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങിയും സർക്കാർ നിർണ്ണയിച്ചിട്ടുള്ള ഫീസുകൾ അടച്ചുമാണ് ജില്ലയിൽ നിലവിലുള്ള നിർമ്മാണങ്ങളെല്ലാം നടത്തിയിട്ടുള്ളത്. ഈ നിർമ്മാണങ്ങളെല്ലാം ചട്ടലംഘനത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി ഫൈൻ ഈടാക്കാനുള്ള നീക്കം ജനദ്രോഹമാണ്. സർക്കാർ ഭൂമി കൈയേറി വ്യാജപട്ടയം ഉണ്ടാക്കി ഇത്തരം ഭൂമിയിൽ നടത്തിയിട്ടുള്ള നിയമവിരുദ്ധമായ നിർമ്മാണങ്ങളേയും സർക്കാർ നൽകിയ പട്ടയ ഭൂമിയിൽ എല്ലാ അനുമതിയും വാങ്ങി നടത്തിയിട്ടുള്ള നിർമ്മാണങ്ങളേയും ഒരേ തരത്തിലാക്കുന്ന സർക്കാർ നീക്കം നീതികരിക്കാവുന്നതല്ല. അതിനാൽ പട്ടയ ഭൂമിയിൽ അതാത് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന എല്ലാ അനുമതിയും വാങ്ങി നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ ചട്ട ലംഘനത്തിന്റെ പരിധിയിലാക്കി ഇവ ക്രമപ്പെടുത്താൻ ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സർക്കാർ ഭൂമി കൈയേറി നിയമവിരുദ്ധമായി നടത്തിയിട്ടുള്ള നിർമ്മണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം കൈയേറ്റഭൂമിയും ഇതിലെ നിർമ്മാണങ്ങളും സർക്കാർ ഏറ്റെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

കൂടാതെ ഡബ്ലു.പി.സി 1801 /2010 കേസിന്റെ ഭാഗമായി 1964 ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികൾ തടഞ്ഞ ഹൈക്കോടതി ഉത്തരവിറങ്ങി 6 മാസം കഴിഞ്ഞു. 1964ലെ നിയമപ്രകാരം കൈയേറ്റഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ടന്ന പരാതിയിൽ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകർക്കുണ്ടായ വീഴ്ച്ചയാണ് പട്ടയ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവിന് കാരണമായത് . കൈയേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടില്ലന്നും കൈയേറ്റ ഭൂമിയുടെ പട്ടയം വ്യാജമായി നിർമ്മിച്ചതാണെന്നും ഇത്തരം പട്ടയങ്ങൾ സർക്കാർ റദ്ദ് ചെയ്തിട്ടുണ്ടെന്നും 1/8/1971 ന് മുൻപ് അപേക്ഷകനോ / കുടുംബത്തിനോ കൈവശമുള്ള ഭൂമിക്കാണ് 1964 ലെ ഭൂ പതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയതെന്നും വ്യാജ പട്ടയങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളും കോടതിയെ ബോധ്യപ്പെടുത്തിയാൽ പട്ടയ വിതരണം തടഞ്ഞ കോടതി ഉത്തരവ് പുനപരിശോധിക്കാൻ കഴിയുമെന്നിരിക്കെ ഇതിനുള്ള നടപടികൾ നാളിതുവരെ സ്വീകരിക്കാത്തത് പ്രതിക്ഷേധാർഹമാണെന്നും എം.പി അറിയിച്ചു. അതിനാൽ പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലയിൽ ഏകദേശം മുപ്പത്തിനായിരത്തോളം അപേക്ഷകർക്ക് ഇനിയും പട്ടയം നൽകാനുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ 3 ചെയിൻ മേഖല, കല്ലാർകുട്ടിയടക്കമുള്ള 10 ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നൽകാൻ കഴിയാത്ത തോപ്രാംകുടിയടക്കമുള്ള മേഖലകളിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകണമെങ്കിൽ ഏത് അളവ് വരെയുള്ള കെട്ടിടങ്ങൾക്ക് പട്ടയം നൽകാൻ കഴിയുമെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കണം. തോപ്രാംകുടിയിലെ പട്ടയപ്രശ്നം പരിഹരിക്കണമെങ്കിൽ 1993 ലെ ഭൂപതിവ് നിയമത്തിൽ ഭേതഗതി വരുത്തണം. ഈ വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ.പി ആവശ്യപ്പെട്ടു.കൂടാതെ പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയാത്ത നിരവധിയാളുകൾ ജില്ലയിലുണ്ട്. ഇവർക്കായി പട്ടയ അപേക്ഷകൾ സ്വീകരിക്കാനും നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എം.പി. റവന്യു മന്ത്രിക്ക് കത്തയച്ചു.

Trending

No stories found.

Latest News

No stories found.