കൊച്ചി വാട്ടർ മെട്രൊ ബോട്ട് യുപിയിലേക്ക് കടത്തിയെന്ന പ്രചാരണത്തിലെ വസ്തുത എന്ത്?

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച ബോട്ടുകൾ അയോധ്യയിലും വാരാണസിയിലും സർവീസ് നടത്താൻ കൊണ്ടുപോയെന്നത് വാസ്തവമാണ്. എന്നാൽ, ഇത് വാട്ടർ മെട്രൊയ്ക്കു വേണ്ടി നിർമിച്ചതല്ലെന്നാണ് ഷിപ്പ് യാർഡ് പറയുന്നത്.
കൊച്ചി വാട്ടർ മെട്രൊ ബോട്ട്
കൊച്ചി വാട്ടർ മെട്രൊ ബോട്ട്പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രൊക്കായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച രണ്ട് ബോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഉത്തര്‍പ്ര ദേശിലേക്ക് കൊണ്ടുപോയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരണം. അയോധ്യ, വാരാണസി എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താനാണ് ഇവ കൊണ്ടുപോയതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.

എന്നാല്‍, വാട്ടര്‍ മെട്രൊക്കായി ഓര്‍ഡര്‍ ചെയ്ത ബോട്ടുകള്‍ കൃത്യമായി കിട്ടിയിട്ടുണ്ടെന്നും മറ്റാരും കൊണ്ടുപോയിട്ടില്ലെന്നുമാണ് കൊച്ചി മെട്രൊ മാനേജിങ് ഡയറക്റ്റര്‍ ലോക്നാഥ് ബെഹ്റ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. 23 ബോട്ടുകളാണ് വാട്ടര്‍ മെട്രോക്കായി ആവശ്യപ്പെട്ടിരുന്നത്. അതില്‍ 12 എണ്ണം കിട്ടി. ബാക്കിയുള്ള 11 എണ്ണം കരാര്‍ പ്രകാരം ഘട്ടംഘട്ടമായി കിട്ടുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കൊച്ചി കപ്പല്‍ശാലയിൽ നിർമിച്ച ബോട്ടുകള്‍ ഉത്തര്‍പ്രദേശിലേക്ക് അയച്ചുവെന്നത് വാസ്തവം തന്നെയാണ്. എന്നാൽ, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തെ നല്‍കിയ ഓര്‍ഡറുകള്‍ പ്രകാരം നിര്‍മിച്ച ബോട്ടുകളാണ് യുപിയിലേക്ക് അയച്ചതെന്നാണ് വിശദീകരണം. ആര്‍ക്കു വേണമെങ്കിലും ബോട്ട് നിര്‍മിച്ചുനല്‍കാന്‍ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാർഡിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അയോധ്യ, വാരാണസി എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താനാണ് യുപിയിലേക്ക് കൊണ്ടുപോയ ബോട്ടുകൾ ഉപയോഗിക്കുക എന്നതും സത്യം തന്നെ. എന്നാൽ, ഡിസംബര്‍ രണ്ടാം വാരമാണ് ഇവ കൈമാറിയതെന്നും, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധമൊന്നുമില്ലെന്നും കൊച്ചിന്‍ ഷിപ്പ് യാർഡ് പിആര്‍ഒയുടെ ഓഫിസ് പ്രതികരിച്ചു. ആറ് ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകള്‍ കൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് നിര്‍മിച്ചു നല്‍കാന്‍ കൊല്‍ക്കത്തയിലെ ഹൂഗ്ളിയിലുള്ള കൊച്ചിന്‍ ഷിപ്പ് യാർഡിന്‍റെ അനുബന്ധ കമ്പനിക്ക് കരാറുണ്ട്.

ഇക്കഴിഞ്ഞ ജനുവരി നാലിന് പ്രധാനമന്ത്രി തൃശൂര്‍ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കൊച്ചി വാട്ടര്‍ മെട്രൊയുടെ ബോട്ടുകള്‍ ഉത്തര്‍ പ്രദേശിലേക്ക് കടത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം തുടങ്ങിയത്. അയോധ്യയിലേക്കും വാരാണസിയിലേക്കും കൊച്ചിന്‍ ഷിപ്പ് യാർഡ് ബോട്ട് നല്‍കുന്ന വിവരം കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പിന്‍റെ സമൂഹമാധ്യമ പേജില്‍ ഡിസംബര്‍ 14ന് തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com