
കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്.
1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം തുടങ്ങിയവ നടത്തും. ഇതിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്‍റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ് വഹിക്കുന്നത്.
17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രൊ റെയിൽ പാത നിർമിക്കുന്നത്. നിലവിലുള്ളതിനു സമാനമായ എലിവേറ്റഡ് പാതയ്ക്കു പുറമേ കുറച്ചുദൂരം ഭൂഗര്‍ഭ പാതയായും പരിഗണിക്കുന്നുണ്ട്.
മെട്രൊ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണം എന്നും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മെട്രൊ കണക്റ്റിവിറ്റി വേണം എന്നമുള്ള ദീര്‍ഘകാല ആവശ്യത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റ.
ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേശത്തിന്‍റെ വളര്‍ച്ചയും ഉറപ്പുതരുന്ന മെട്രൊ മൂന്നാം ഘട്ട വികസനത്തിന്‍റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു എന്നത് സ്വാഗതാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്ന രീതിയിലുള്ള വികസനത്തിനായി പൊതുജനങ്ങളില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. contact@kmrl. co.in എന്ന ഇ മെയിലില്‍ അറിയിക്കാം.