
ആറ്റിങ്ങലിൽ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
file image
തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുന്നിൽ 87 വയസുകാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി (87) ആണ് മരിച്ചത്. ഇലക്‌ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ലീലാമണിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം.
ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം ലീലാമണി സമീപത്തെ ഇലക്‌ട്രീഷ്യന്‍റെ വീട്ടിൽ എത്തി, വീട്ടിൽ വൈദ്യുതിയില്ലാത്തതിന്‍റെ വിവരം അറിയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ഇലക്‌ട്രീഷ്യൻ വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ ലീലാമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി ലൈൻ കൈയിൽ കുരുങ്ങിയ അവസ്ഥയിലായിരുന്നു. മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.