
റഫീഖ് മരക്കാർ
കൊച്ചി: ഇക്കഴിഞ്ഞ വേനലവധിക്കാലത്താണ് പിറവം മണ്ണത്തൂർ സ്വദേശിയാണ് വിഷ്ണു പ്രസാദിന് മുങ്ങിക്കുളിക്കുന്നതിനിടെ കനാലിന്‍റെ പാർശ്വ ഭിത്തിയിൽ തലയിടിച്ചു ഗുരുതര പരിക്കേറ്റത്. പിന്നീട് രണ്ടു മാസത്തോളം ആശുപത്രി കിടക്കയിലായി ഈ പതിനഞ്ചുകാരന്‍റെ ജീവിതം.
കഴുത്തിനു താഴേക്ക് ശരീരം തളർന്ന അവസ്ഥയിലാണ് ഓഗസ്റ്റ് മാസത്തിൽ വിഷ്ണു പീസ് വാലിയിൽ എത്തുന്നത്. ഇവിടെ മൂന്ന് മാസം വിദഗ്ധ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ ഫിസിയോ തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി അടക്കമുള്ള ചികിത്സകളിലൂടെ വീൽചെയറിൽ സഞ്ചരിക്കാവുന്ന അവസ്ഥയിലേക്ക് വിഷ്ണു എത്തി.
മണ്ണത്തൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ വിഷ്ണുവിനെ പീസ് വാലി അധികൃതരുടെ പിന്തുണയോടെ ചികിത്സയ്ക്കിടയിൽ പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ വിഷ്‌ണു കണ്ടു തുടങ്ങി.
വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് സ്കൂൾ. ഈ സാഹചര്യത്തിൽ, വിഷ്ണുവിന് തനിയെ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന റിക്ലൈനർ ഇലക്‌ട്രിക് വീൽചെയറിനുള്ള അന്വേഷണത്തിലായിരുന്നു മാതാപിതാക്കൾ. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഈ വീൽ ചെയർ കുടുംബത്തെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ വാങ്ങാൻ സാധിക്കുമായിരുന്നില്ല.
പതിയെ ജീവിതത്തിലേക്ക് മടങ്ങാമെന്ന വിഷ്ണുവിന്‍റെ സ്വപ്‌നങ്ങൾ മങ്ങിതുടങ്ങിയ ദിവസങ്ങളിലാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പീസ് വാലി സന്ദർശിക്കുന്നത്. വിഷ്ണുവിന്‍റെ തുടർജീവിതത്തിനുള്ള ഈ ആവശ്യം വിഷ്ണുവിന്‍റെ അമ്മ ഉഷയാണ് തങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്.
തീർച്ചയായും പരിഹരിക്കാം എന്ന് അനുഭാവപൂർവ്വം ഉറപ്പ് നൽകിയ ഉടനെ, ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴയിലെ വ്യവസായി പി.വി.എം. അമീർ വിഷ്ണുവിന് വീൽ ചെയർ വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
പീസ് വാലി അധികൃതർ മുഖേന വാങ്ങിയ വീൽചെയർ, പി.വി.എം. അമീർ സഹോദരൻമാരായ പി.വി.എം. സലാം, പി.വി.എം. ഇബ്രാഹിം, പി.വി.എം. ഇസ്മായിൽ എന്നിവർ ചേർന്ന് വിഷ്ണുവിന് കൈമാറി.
സാമ്പത്തിക പരാധീനത കൊണ്ട് വീടിന്‍റെ ചുവടുകൾക്കുള്ളിൽ ഒതുങ്ങിപോകുമായിരുന്നു പതിനഞ്ചകാരന്‍റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങൾ എത്തിയതിന്റെ നിർവൃതിയിലാണ് വിഷ്ണുവിന്‍റെ കുടുംബം.
കാക്കനാട് റെസ്റ്ററന്‍റ് ജീവനക്കാരനാണ് പിതാവ് വിപിൻ. ഏഴാം ക്ലാസ് വിദ്യാർഥിനിയായ സഹോദരരി വൈഷ്ണവിയും കൂടി ഉൾപ്പെടുന്നതാണ് വിഷ്ണുവിന്‍റെ കുടുംബം.