ആകാശപാത തുറക്കുന്നു, എല്ലാം ശരിയാകും: കൊച്ചിയിലെ യാത്രാക്ലേശത്തിനു മാർച്ചിൽ പരിഹാരം | Video
12.75 കിലോമീറ്ററാണ് അരൂർ - തുറവൂർ ആകാശപാതയുടെ ആകെ ദൈർഘ്യം. ഇതിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് അരൂർ - ചന്തിരൂർ മേൽപ്പാലം. ആറുവരിപ്പാതയായാണ് മേൽപ്പാലം നിർമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇതു പ്രവർത്തനസജ്ജമാക്കാൻ സംസ്ഥാന സർക്കാരിനു പ്രത്യേക താത്പര്യമുണ്ട്.
കൊച്ചി: അരൂർ - തൂറവൂർ ആകാശ പാത 2026 മാർച്ചിൽ ഭാഗികമായി പ്രവർത്തനക്ഷമമാകും. അരൂർ - ചന്തിരൂർ മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെയാണിത്. ഇതോടെ എറണാകുളം - ആലപ്പുഴ പാതയിലെ ഗതാഗതക്കുരുക്കിന് അൽപ്പം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12.75 കിലോമീറ്ററാണ് അരൂർ - തുറവൂർ ആകാശപാതയുടെ ആകെ ദൈർഘ്യം. ഇതിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് അരൂർ - ചന്തിരൂർ മേൽപ്പാലം.
ആറുവരിപ്പാതയായാണ് മേൽപ്പാലം നിർമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ മേൽപ്പാലമാണിത്. മേൽപ്പാലത്തിനു താഴെ ഹൈവേ സൈക്കിൾ ട്രാക്കും സജ്ജമാക്കും. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. യൂട്ടിലിറ്റി ഇടനാഴിക്കു മീതെയാണ് സൈക്കിൾ ട്രാക്ക്. ഒന്നേകാൽ മീറ്റർ മുതൽ രണ്ടര മീറ്റർ വരെയായിരിക്കും ഇതിന്‍റെ വീതി. ഇതുകൂടാതെ കാൽനടയാത്രക്കാർക്കു വേണ്ടി ഫുട്ട്പാത്തും ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ആകാശപാത ഭാഗികമായെങ്കിലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും പ്രത്യേക താത്പര്യമുണ്ട്.
നിലവിൽ തുറവൂർ മുതൽ അരൂർ സൗത്ത് വരെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് കൂടുതൽ പുരോഗതി കൈവരിച്ചിട്ടുള്ളത്. ആകെ 2565 ഗർഡറുകൾ ഉള്ളതിൽ നൂറോളം മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്.
പ്രാദേശിക ഗതഗാത സൗകര്യം ഉറപ്പാക്കാൻ അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിൽ മൂന്ന് എൻട്രി - എക്സിറ്റ് പോയിന്‍റുകളും നിർമിക്കും. എരമല്ലൂരിൽ ടോൾ പ്ലാസയും സ്ഥാപിക്കും.
