അനുവദിച്ച തുക സർക്കാർ തിരിച്ചെടുത്തു; വേതനം ലഭിക്കാതെ തൊഴിലുറപ്പ് തൊഴിലാളികൾ

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നഗരസഭക്ക് നൽകേണ്ടതുക അനുവദിക്കാത്തതിനാലാണ് വേതനം കൊടുക്കാൻ കഴിയാത്തത്
ചാലക്കുടി നഗരസഭാ പ്രദേശത്തെ കാനകൾ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കുന്നു.
ചാലക്കുടി നഗരസഭാ പ്രദേശത്തെ കാനകൾ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കുന്നു.
Updated on

ചാലക്കുടി: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ്തൊഴിലാളികൾക്ക്, വിഷു ഉൾപ്പെടെയുള്ള വിശേഷദിവസങ്ങൾ എത്തിയിട്ടും ചെയ്ത പണികളുടെ വേതനം നൽകിയില്ല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നഗരസഭക്ക് നൽകേണ്ടതുക അനുവദിക്കാത്തതിനാലാണ് വേതനം കൊടുക്കാൻ കഴിയാത്തത്. 4 കോടിയോളം രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭ രൂപം നൽകി സർക്കാർ അംഗീകാരം ലഭിച്ചിരുന്നു. ഇതിൽ 1.15 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. സാമ്പത്തിക വർഷത്തിന്‍റെ അവസാനം മാർച്ച് 25ന് 15 ലക്ഷം രൂപ അനുവദിച്ചതായി ഉത്തരവ് വരികയും അന്ന് തന്നെ ട്രഷറിയിൽ നഗരസഭ ഈ തുകക്കുള്ള ബിൽ സമർപ്പിച്ചെങ്കിലും തുക പാസാക്കാതെ പെന്‍റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഏപ്രിൽ മാസത്തിൽ വേതനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബിൽ തിരിച്ച് വിടുകയാണെന്നും തുക പാസാക്കുന്നില്ലെന്ന വിവരവും അധികൃതരിൽ നിന്ന് ലഭിക്കുന്നത്.നിലവിൽ വിവിധ വാർഡുകളിൽ പണി കഴിഞ്ഞ വർക്കുകളുടെ 75 ലക്ഷം രൂപയുടെ ബില്ലുകൾ നഗരസഭയിൽ തയ്യാറായി ഇരിക്കുന്നുണ്ട്. മുൻ മാസങ്ങളിൽ സർക്കാരിന്‍റെ തൊഴിലുറപ്പ് വിഹിതം ലഭിക്കാത്തതിന്‍റെ ഭാഗമായി നഗരസഭ തനത് ഫണ്ടിൽ നിന്നു കൂലി നൽകിയതിൽ 40 ലക്ഷം രൂപയോളം നഗരസഭക്ക് ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. മുൻവർഷവും 4 കോടിയോളം രൂപയുടെ തൊഴിലുറപ്പ് പദ്ധതിയിൽ,1 കോടി രൂപ മാത്രമാണ് സർക്കാർ നൽകിയത്.

പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ളത് സാധാരണക്കാരായ തൊഴിലാളികളാണ്. വിഷു, ഈസ്റ്റർ, റംസാൻ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഒരു ഗഡു വേതനമെങ്കിലും നൽകാത്തത് കടുത്ത അനീതിയാണെന്ന് തൊഴിലാളികൾ പറഞ്ഞു. കൊടുംചൂടിൽ വഴിയോരങ്ങളും പൊതു സ്ഥാപനങ്ങളും തോടുകളും കാനകളും വൃത്തിയാക്കുന്ന തങ്ങൾക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ കൂലിയാണ്. ഇത് നൽകാൻ സർക്കാർ തയ്യാറാകാത്തത്ത് തങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. അനുവദിച്ച തുച്ഛമായ വിഹിതം പോലും പാസാക്കാതെ തിരിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com