കൊച്ചി മാസ്റ്റര്‍ പ്ലാന്‍: പരിസ്ഥിതി പ്രശ്നം സജീവ ചർച്ചയിലേക്ക്

മറൈൻ ഡ്രൈവിന്‍റെയും താന്തോണിതുരുത്തിന്‍റെയും കാര്യത്തിൽ തീരുമാനം സംസ്ഥാന സർക്കാരിനു വിട്ടു
Kochi Marine Drive
Kochi Marine DriveRepresentative image
Updated on

ജിബി സദാശിവന്‍

കൊച്ചി: കൊച്ചി മാസ്റ്റര്‍ പ്ലാനിന് നഗരസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതോടെ വെട്ടിലായത് താന്തോണിതുരുത്ത് ദ്വീപ് നിവാസികള്‍. കൊച്ചി നഗര ഹൃദയത്തില്‍ തന്നെയുള്ള ചെറിയ ദ്വീപായ താന്തോണിതുരുത്തില്‍ ഇക്കോടൂറിസം സോണ്‍ നടപ്പാക്കാന്‍ മാസ്റ്റര്‍ പ്ലാനിലുള്ള നിര്‍ദേശം ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് വഴിവച്ചു. പ്രദേശവാസികളൊന്നടങ്കം ആശങ്കയിലാണ്. സിആര്‍ഇസഡ്, കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ് ആന്‍ഡ് വെറ്റ്ലാന്‍ഡ് ആക്റ്റ് നിയന്ത്രണം എന്നിവ പ്രകാരം ഇക്കോടൂറിസം പദ്ധതികള്‍ക്ക് വിനിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.

മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാരും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ദ്വീപിലെ റെസിഡന്‍ഷ്യല്‍ സോണ്‍, പബ്ലിക്, സെമി പബ്ലിക് സോണുകള്‍ അതേപടി നിലനിര്‍ത്താനും പുതിയ ഇക്കോടൂറിസം സോണ്‍ നടപ്പാക്കാനും ഇവിടെ കണ്‍സര്‍വേഷന്‍ സോണ്‍, ഡ്രൈ അഗ്രികള്‍ച്ചര്‍ സോങ് എന്നിവ നടപ്പിലാക്കാനുമാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് ദ്വീപിലേക്ക് പാലം വേണമെന്ന് ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് തിരിച്ചടിയാണ് പുതിയ ഇക്കോടൂറിസം സോണ്‍ എന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കോടൂറിസം സോണ്‍ നിലവില്‍ വന്നാല്‍ ദ്വീപിലെ 80 കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും ഇവര്‍ വാദിക്കുന്നു.

ജനവികാരം എതിരാകുമെന്ന് തിരിച്ചറിഞ്ഞതോടെ വിഷയം സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് വിട്ടതായി മേയര്‍ അറിയിച്ചു.

മറൈന്‍ ഡ്രൈവിലെ നിര്‍ദിഷ്ട വികസനത്തിനൊപ്പം ഇതും സര്‍ക്കാര്‍ പരിഗണിക്കട്ടെ എന്നാണ് മേയറുടെ നിലപാട്. മറൈന്‍ ഡ്രൈവ് വികസനവും സി ആര്‍ ഇസഡ് നിയന്ത്രണപരിധിയില്‍ പെടുമെന്നതിനാല്‍ ഇരു വിഷയങ്ങളും ഒന്നിച്ചു പരിഗണിക്കട്ടെയെന്നാണ് മേയറുടെ അഭിപ്രായമെന്നറിയുന്നു. പരിസ്ഥിതി സംരക്ഷണം കണക്കിലെടുത്താണ് നിര്‍ദേശമെന്നും ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഇക്കോടൂറിസം സോണിനായി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും നഗരസഭ പറയുന്നു.

എന്നാല്‍ ഒരു പ്രീമിയം ഹോട്ടല്‍ കൊച്ചി കായലിനോട് ചേര്‍ന്ന് പണിതുയര്‍ത്തിയിട്ടും ആര്‍ക്കും പരിസ്ഥിതി പ്രശ്നമൊന്നും തോന്നിയില്ലേയെന്നാണ് ദ്വീപ് നിവാസികള്‍ ചോദിക്കുന്നത്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പ്രദേശത്ത് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമേ തടസമുള്ളെന്നും ഇക്കോടൂറിസം എന്ന വാക്കിനെ ഭയപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സി ആര്‍ ഇസഡ് നിയന്ത്രണമുള്ള മറ്റിടങ്ങളിലെ അനുഭവങ്ങള്‍ തന്നെയാണ് തങ്ങളെയും കാത്തിരിക്കുന്നതെന്നാണ് ദ്വീപ് നിവാസികളുടെ ആശങ്ക.

യാത്രാദുരിതം ഏറെ അനുഭവിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് വികസനം എത്തിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. മംഗളവനത്തിനു സമീപം ഹൈക്കോടതി കെട്ടിടം നിര്‍മിച്ചതിലും ഇപ്പോള്‍ അവിടെ പാര്‍ക്കിങ് ലോട്ട് ആയി മാറ്റാനുള്ള നിര്‍ദേശവും പരിസ്ഥിതിക്ക് ദോഷം ചെയ്യില്ലെങ്കില്‍ എന്തിനാണ് തങ്ങളെ ദ്രോഹിക്കാന്‍ വരുന്നതെന്നാണ് താന്തോണിതുരുത്തുകാരുടെ ന്യായമായ ചോദ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com