
മലയോര മേഖലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം
VK Sanju
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച റെഡ് അലർട്ട് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്റ്റർ മുന്നറിയിപ്പുകൾ നൽകി. ഇതുപ്രകാരം, ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഞായറാഴ്ച വൈകിട്ട് 7 മുതൽ തിങ്കളാഴ്ച രാവിലെ 7വരെ നിയന്ത്രിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുന്നതല്ല.
മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും നിർദേശം. നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചുകളിലും വിനോദങ്ങളിൽ ഏർപ്പെടുന്നതും സെൽഫി എടുക്കുന്നതും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്വാറികളുടെ പ്രവർത്തനവും, കടലിലെയും കായലിലേയും മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷിതമല്ലാത്ത ല യങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ /ജാഗ്രതാ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുകയും ചെയ്യും.
ശക്തമായ കാറ്റിൽ പറന്നു പോകാനോ തകരാനോ സാധ്യതയുള്ള മേൽക്കൂരയുളള വീടുകളിൽ താമസിക്കുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറണം. പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാനും എന്നാൽ പ്രളയ മേഖലയിലും, മണ്ണിച്ചിൽ മേഖലയിലുമുളള ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനും നിർദേശം.
പുഴകളിലും തോടുകളിലും ജല നിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം പാലങ്ങളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കുക. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുക.
ഉരുൾ പൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ ആളുകൾ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കാൻ അമാന്തം കാണിക്കരുത്. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും, പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണെന്നും കലക്റ്റർ അറിയിച്ചു.