അങ്കമാലിയിൽ വീടിനു തീപിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലു പേർ മരിച്ചു | Video

ശനിയാഴ്ച പുലർച്ചെയാണ് അപകടം. ഭാര്യയും ഭർത്താവും രണ്ടു മക്കളുമാണ് മരിച്ചത്.
അങ്കമാലിയിൽ വീടിനു തീപിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലു പേർ മരിച്ചു

അങ്കമാലി: അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തു മരിച്ചു. അങ്കമാലി ടൗണിൽ കോടതിക്കു സമീപമുള്ള പറക്കുളം റോഡിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45) ഭാര്യ അനു(40) മക്കളായ ജൊവാന (9) ജെസ് വിൻ (5)എന്നിവരാണ് മരിച്ചത്. മക്കളായ ജോവാനയും ജെസ്വിനും സെന്‍റ്പാട്രിക് സ്കൂളിലെ വിദ്യാർഥികളാണ്.

ശനിയാഴ്ച പുലർച്ചെയായിരുന്നു തീ പിടുത്തം. ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. പുലർച്ചെ നടക്കുവാൻ പോയ നാട്ടുകാരാണ് പുകയും തീയും കണ്ട് പൊലീസിൽ വിവരം അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇവരെ രക്ഷപെടുത്താനായില്ല. മുറിയിലുള്ള എല്ലാ വസ്തുക്കളും കത്തിനശിച്ചു. വീടിനോട് മലഞ്ചരക്ക് സൂക്ഷിക്കുന്ന ഗോഡൗണുണ്ട്. തീപിടുത്തത്തിനു കാരണം വ്യക്തമായിട്ടില്ല. അങ്കമാലിയില്‍ മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യന്‍. നിലവില്‍ സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്നാണ് വിവരം. എന്നാല്‍ ബിസിനസ് പരമായി മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. അതേസമയം വീട്ടിലെ എസിയിൽ നിന്നുള്ള ഏതെങ്കിലും പ്രവർത്തനം തീപിടുത്തത്തിന് കാരണമായോയെന്നും പരിശോധിക്കുന്നുണ്ട്. വീടിന് ചുറ്റും സിസിടിവി ഉണ്ട്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള എന്തെങ്കിലും ഇടപെടലുണ്ടായോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ലായെന്ന് പൊലീസ് പറയുന്നു.

മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവമറിഞ്ഞ് റൂറൽ എസ് പി.വൈഭവ് സക്സേന, അങ്കമാലി എസ് എച്ച് ഒ പി.ലാൽ കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗം എത്തി വിദഗ്ദ പരിശോധനകൾ നടത്തിയ ശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റി.

Trending

No stories found.

Latest News

No stories found.