കേറെടാ മോനേ...; കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കുട്ടിയാനയ്ക്ക് രക്ഷകരായി വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും | Video
കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടി ഗിരിവർഗ ഊരിൽ തിങ്കൾ രാത്രി കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് മൂന്ന് വയസ് പ്രായമുണ്ട് കുട്ടിയാന കൊടകപ്പാല ക്ഷേത്രത്തിനു സമീപമുള്ള നിർമല രാജന്‍റെ റബർ തോട്ടത്തിലെ കിണറ്റിൽ വീണത്. ആനക്കൂട്ടത്തിനൊപ്പം എത്തിയതായിരുന്നു കുട്ടിയാന. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വാളറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. അജയൻ, ഇ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമത്തിനൊടുവിൽ രാത്രി പതിനൊന്നുമണിയോടെ ആനക്കുട്ടി കരയ്ക്ക് കയറി. തുമ്പിക്കൈ ഉയർത്തിപ്പിടിച്ച ആനക്കുട്ടി കിണറിന്‍റെ ഒരുഭാഗം ചവിട്ടി ഇടിച്ചിരുന്നു. കമ്പി ഉപയോഗിച്ച് ഫയർഫോഴ്സ് ബാക്കി ഭാഗം കൂടി ഇടിച്ചു. വടവും ഇട്ടുകൊടുത്തു. ഒടുവിൽ കരപറ്റിയ ആനക്കുട്ടി സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിനൊപ്പം വനത്തിലേക്ക് ഓടിപ്പോവുകയായിരുന്നു.
കോതമംഗലം അഗ്നി രക്ഷാ നിലയം അസ്സി സ്റ്റേഷൻ ഓഫീസർ എം അനിൽ കുമാർ , സീനിയർ ഫയർ ഓഫീസർ പി.എം റഷീദ്, ഫയർ ഓഫീസർമാരായ ഒ. എ ആബിദ്, ഒ ജി രാഗേഷ് കുമാർ, അതിനാസ്, ശ്രീജിത്ത് , ഹോം ഗാർഡ് കെ യു സുധീഷ് എന്നിവർ ആണ് ദൗത്യത്തിൽ പങ്കെടുത്തത്.