
തൃശൂര്‍: ഡിസംബറോടെ തൃശൂരിനെ സീറോ വേയ്സ്റ്റ് കോര്‍പ്പറേഷനാക്കുന്ന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിച്ച് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇതിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ കേന്ദ്ര-സംസ്ഥാന-അർധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മേധാവികളുടേയും ഹോട്ടല്‍ ആൻഡ് റസ്റ്ററന്‍റ് ഭാരാവാഹികളുടേയും പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു.
കേന്ദ്ര-സംസ്ഥാന-അര്‍ധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നതിനും നടത്തിപ്പിനായി ഒരു നോഡല്‍ ഓഫിസറെ തെരഞ്ഞെടുക്കുന്നതിനും നിർദേശം നല്‍കി. ഈ കമ്മിറ്റി കൃത്യമായി രജിസ്റ്റര്‍ വെച്ച് യോഗം ചേര്‍ന്ന് ഹരിത ഓഫിസ് പരിപാലിക്കപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ബയോബിന്നുകളില്‍ നിക്ഷേപിച്ച് വളമാക്കണം. ഇതിന് വേണ്ട ബയോബിന്നുകള്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കോര്‍പ്പറേഷന്‍ നല്‍കും.
കാന്‍റീന്‍ ഉള്‍പെടെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യാനുസരണം ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കാവുന്നതാണ്. പ്ലാസ്റ്റിക്, ബാഗ്, ചെരുപ്പ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൈമാറണം.
നിലവില്‍ 15 സര്‍ക്കാര്‍ ഓഫിസുകള്‍ മാത്രമാണ് ഹരിതകര്‍മ്മ സേന വഴി പ്രവര്‍ത്തനം നടത്തുന്നത്. മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. ഇലക്ട്രോണിക് വേയ്സ്റ്റുകള്‍ സ്ഥാപന മേധാവികള്‍ക്ക് യഥേഷ്ടം ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേര്‍പെട്ട് ഇത്തരം വേയ്സ്റ്റുകള്‍ കൈമാറാം. സര്‍ക്കാര്‍ ഓഫിസുകളുടെ കോമ്പൗണ്ടുകളിലെ ഇല, പൂവ്, കായ, മുതലായ വേയ്സ്റ്റുകള്‍ സ്ഥാപനങ്ങളുടെ പുറത്ത് എയറോബിന്നുകള്‍ സ്ഥാപിച്ച് നിക്ഷേപിക്കേണ്ടതാണ്. എല്ലാ പ്രവൃത്തികളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഡിസം. ഒന്നിനകം സ്ഥാപന മേധാവികള്‍ രേഖാമൂലം എഴുതി തയ്യാറാക്കിയ സാക്ഷ്യപത്രം കോര്‍പ്പറേഷന് നൽകണം.
പൊതുജനങ്ങള്‍ക്ക് ദൃശ്യമാവുന്ന രീതിയല്‍ ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പച്ച ബക്കറ്റും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നീല ബക്കറ്റും സജ്ജീകരിക്കേണ്ടതാണ്. അജൈവ മാലിന്യങ്ങള്‍ കൃത്യമായി യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം.
ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഹരിത ഭംഗിക്കായി സ്ഥാപനങ്ങളുടെ മുന്‍വശത്തും റോഡരികിലുമായി ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കേണ്ടതാണ്.