കുമ്പളത്തുമുറിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്: കാട്ടുപൂച്ചയുടേതെന്ന്‌ വനംവകുപ്പ്; എംഎൽഎയും മുൻസിപ്പൽ ചെയർമാനും സ്ഥലത്തെത്തി

ഈ ഭാഗത്ത് ഉണ്ടായിരുന്ന ഒരു നായയെ കഴിഞ്ഞ രാത്രി മുതൽ കാണാതായ സാഹചര്യത്തിലാണ് പുലിയാണെന്നുള്ള അഭ്യൂഹത്തിന് ഇടയാക്കിയത്
കുമ്പളത്തുമുറിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്: കാട്ടുപൂച്ചയുടേതെന്ന്‌ വനംവകുപ്പ്; എംഎൽഎയും മുൻസിപ്പൽ ചെയർമാനും സ്ഥലത്തെത്തി

കോതമംഗലം : മലയിൻകീഴ് കുമ്പളത്തുമുറിയിൽ നഗരസഭാ ഡംപിങ് യാർഡിനുസമീപം അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. പുലിയാണെന്ന് അഭ്യൂഹം പരന്നത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ഡംപിങ് യാർഡിന്റെ ഗേറ്റിനുപുറത്ത് ഉപയോഗശൂന്യമായ പാറക്കുളത്തിന് അടുത്താണ് അജ്ഞാതജീവിയുടെ മൂന്ന് കാൽപ്പാടുകൾ കണ്ടെത്തിയത്.

കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.എ. ജലീലിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധച്ചതിൽ കാട്ടുപൂച്ചയുടെ വർഗത്തിൽപ്പെടുന്ന ജീവിയുടെതാണെന്ന നിഗമനത്തിലെത്തിയതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. ഈ ഭാഗത്ത് ഉണ്ടായിരുന്ന ഒരു നായയെ കഴിഞ്ഞ രാത്രി മുതൽ കാണാതായ സാഹചര്യത്തിലാണ് പുലിയാണെന്നുള്ള അഭ്യൂഹത്തിന് ഇടയാക്കിയത്.

കാൽപ്പാടുകൾ പരിശോധിച്ചതിൽനിന്നും പുലിയാണെന്നതിന് യാതൊരു തെളിവുമില്ല. കാട്ടുപൂച്ച വർഗത്തിൽപ്പെടുന്ന ജീവിയുടെതാണെന്ന് സ്ഥിരീകരിച്ചതായി റെയ്ഞ്ച് ഓഫീസർ പറഞ്ഞു. നാട്ടുകാർക്കിടയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് രാത്രികാല നിരീക്ഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ആന്റണി ജോൺ എംഎൽഎയും മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമിയും സ്ഥലത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.