

കോതമംഗലത്ത് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള വനപാലക സംഘം കാട്ടിൽ കുടുങ്ങി
കോതമംഗലം: വനത്തിൽ പെട്രോളിങ്ങിന് പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തിൽ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തിൽ അകപ്പെട്ടത്.
ലോവർ പെരിയാർ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് 4 എന്ന സ്ഥലത്ത്നിന്നും ചൊവ്വാഴ്ച രാവിലെ 8-നാണ് മണ്ണിയം ഭാഗത്തേക്ക് ബീറ്റിന് (പെട്രോളിംഗ് )പോയത്. എസ്എഫ്ഒ (ഗ്രേഡ്) പി.എ. അഷ്റഫ്, ബിഎഫ്ഒമാരായ ജെറി ജോസഫ്, പോൾ ഐസക്, കെ.ബി. ശ്രീലക്ഷ്‌മി എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. ഇവരെ തിരിച്ച് കൊണ്ടു വരാനായി രാത്രി പോയ ബിഎഫ്ഒമാരായ സാബു കുര്യൻ, രാജേഷ്കുമാർ, ബിനുലാൽ, മഹിമ എന്നിവരും വനത്തിൽ അകപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30 ഓടെ 15 പേരടങ്ങുന്ന മറ്റൊരു സംഘം എത്തിയാണ് ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.
ചൊവ്വാഴ്‌ച രാവിലെ പോയ എട്ടംഗ സംഘത്തിൽ പിന്നിൽ പോയ നാല് പേർ വൈകിട്ടോടെ തിരിച്ചെത്തിയിരുന്നു. മുന്നിൽ പോയ വനിത ഉൾപ്പെടെ രണ്ട് പേർക്ക് കാലിലെ പരിക്ക് കാരണം വേഗത്തിൽ നടക്കാനായില്ല. വൈകിട്ട് കനത്തമഴ പെയ്‌തതോടെ കുത്തനെ ഇറക്കം ഇറങ്ങാനാവാതെ പ്രതിസന്ധിയിലായി. കാറ്റും മഴയും ഇരുട്ടും വ്യാപിച്ചതോടെ മറ്റ് വഴികൾ തേടിയെങ്കിലും 15 കിലോമീറ്ററുകളോളം സഞ്ചരിച്ച ഇവർക്ക് തിരിച്ചെത്താനായില്ലെന്ന് സംഘത്തിലുള്ളവർ പറയുന്നു.
നാല് പേരും സ്റ്റേഷനിലെ മറ്റ് സ്റ്റാഫുകളുമായി മൊബൈലിൽ ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്.സുരക്ഷിതമായി പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഇവർക്ക് രാത്രി 7 ഓടെ ഭക്ഷണവും വെള്ളവുമായെത്തിയ നാലംഗ സംഘത്തിനും പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറങ്ങാൻ സാധിച്ചില്ല.
എട്ട് പേർ വനത്തിൽ കുടുങ്ങിയതോടെ ഇവരെ പുറത്തെത്തിക്കാൻ നേര്യമംഗലം റേയ്ഞ്ച് അധികൃതരുടെ നേതൃത്വത്തിൽ മൂന്നാർ ആർആർടി, ഇഞ്ചത്തൊട്ടി, വാളറ, അടിമാലി എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകർ കൂടി എത്തി ബുധനാഴ്ച പുലർച്ചെ നാലോടെ പുറപ്പെട്ടു. രാവിലെ 6.15 ഓടെ സംഘം ഇവർക്ക് സമീപം എത്തി. 8.30 ഓടെ നഗരംപാറ സ്റ്റേഷനിൽ തിരിച്ച് എത്തിക്കുകയായിരുന്നു.
നേര്യമംഗലം റേയ്ഞ്ച് പരിധിയിൽ നഗരംപാറ സ്റ്റേഷൻ പരിധിയിൽ കേവലം 20 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയുള്ള സ്ഥലത്ത് വനപാലകർ കുടുങ്ങിയെന്ന് പറയുന്നതിൽ ബീറ്റ് പോകുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുമായുള്ള അസ്വാരസ്യമാണെന്ന് ആക്ഷേപവുമുയർന്നിട്ടുണ്ട്. വനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന വനപാലർക്ക് ഇത്രയും ചെറിയൊരു വനമേഖലയിൽ വഴിതെറ്റിയെന്ന് പറയുന്നത് വിശ്വാസനിയം അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.