
ചാലക്കുടി: അതിരപ്പിള്ളി പൊരിങ്ങൽക്കൂത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പൊരിങ്ങൽക്കൂത്ത് കാടർ ഗിരിജൻ കോളനിയിലെ ഇരുമ്പൻ കുമാരൻ (55) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സുനിൽ ഒറ്റയാന്‍റെ മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ ഉൾകാട്ടിൽ ഊള്ളശ്ശേരി ഭാഗത്ത് വന വിഭവമായ ഇഞ്ചിശേഖരിച്ചു വരുമ്പോൾ ഈറ്റ കാട്ടിൽ നിൽക്കുകയായിരുന്നു ഒറ്റയാൻ. ഓടി മാറുന്നതിന് മുൻപായി ആന തുമ്പികൈ കൊണ്ട് അടിക്കുകയും തെറിച്ച് പാറകല്ലിൽ അടിച്ചു വീഴുകയും ആയിരുന്നു. എട്ട് വർഷം മുൻപ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നതിനാൽ വേഗത്തിൽ ഓടിമാറുവാൻ സാധിച്ചില്ല.അതിനു മുൻപായി ആന കുമാരനെ പിടികൂടിയിരു ന്നു.
സംഭവമറിഞ്ഞ് വനപാലകർ ഏകദേശം എട്ട് കിലോമീറ്ററോളം ഉൾകാട്ടിൽ പോയിട്ടാണ് പരിക്കേറ്റ കുമാരനെ കുപ്പി കല്ല് ഭാഗത്ത് എത്തിച്ച് 108 ആമ്പുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഗം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ സീത, മക്കൾ. ലത, അനിൽകുമാർ, ലതിക, അനഘ.