French contract for Kochi water supply
കൊച്ചിയിലെ കുടിവെള്ള വിതരണം: 2511 കോടിക്ക് ഫ്രഞ്ച് കരാർRepresentative image

കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് 2511 കോടിയുടെ ഫ്രഞ്ച് കരാർ

എസ്റ്റിമേറ്റിനേക്കാൾ 21 ശതമാനം അധികം നൽകി ഈ കമ്പനിക്ക് കരാർ നൽകാനാണ് ഏറ്റവും പുതിയ തീരുമാനം
Published on

കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റിയുടെ കരാർ അന്തിമ ഘട്ടത്തിലേക്ക്. സർക്കാർ വിഹിതത്തിനൊപ്പം എഡിബി വായ്പയിലുള്ള വൻകിട പദ്ധതിക്ക് 21 ശതമാനം അധിക തുകയോടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി അനുമതി നൽകി. നിലവിലുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി മുഴുവൻ സമയ ജലവിതരണം ലക്ഷ്യമിടുമ്പോൾ വിലയിലും പൊതുവിതരണത്തിലും സംഭവിക്കുന്ന മാറ്റത്തിലാണ് ആശങ്ക.

കടലും കായലും പരന്നു കിടക്കുന്ന കൊച്ചിക്ക് കുടിവെള്ളം എത്തണമെങ്കിൽ ആലുവയിൽ നിന്ന് പെരിയാറും പാഴൂരിൽ നിന്ന് മൂവാറ്റുപുഴയാറും പൈപ്പിലൂടെ ഒഴുകി വരണം. പ്രധാന പൈപ്പിൽ നിന്ന് കിലോമീറ്ററുകൾ തലങ്ങും വിലങ്ങും ചെറുതും വലുതുമായ ഭൂഗർഭ പൈപ്പിലൂടെ വീടുകളിലേക്ക്. ചുമതല വാട്ടർ അതോറിറ്റിക്കും.

എന്നാൽ, ഈ പണി ഇനി ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയ്യട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്ര സർക്കാരിന്‍റെ പുതിയ ജലനയത്തിന്‍റെ ചുവടു പിടിച്ചാണ് തീരുമാനം. നിലവിലുള്ള ലീക്കേജ് കുറച്ച് ശുദ്ധമായ ജലവിതരണം ലക്ഷ്യമെന്ന് പ്രഖ്യാപനം. എഡിബി വായ്പയിൽ 2511 കോടി രൂപ ആകെ ചെലവ്. ഇതിൽ 750 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം.

എന്നാൽ, എസ്റ്റിമേറ്റിനേക്കാൾ 21 ശതമാനം അധികം നൽകി ഈ കമ്പനിക്ക് കരാർ നൽകാനാണ് ഏറ്റവും പുതിയ തീരുമാനം. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതിയുടെ ഈ ശുപാർശ മന്ത്രിസഭ അനുമതി കൂടിയായാൽ അന്തിമമാകും.

പദ്ധതി വരുമ്പോൾ ചോദ്യങ്ങളുമുണ്ട്. ഏഴ് വർഷമാണ് പദ്ധതി കൊച്ചി നഗരത്തിൽ പൂർത്തിയാക്കാനുള്ള സമയം. തുടർന്നുള്ള മൂന്ന് വർഷം പരിപാലനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. സംസ്ഥാന പദ്ധതിക്കു പുറമെ കോടികൾ മുടക്കിയുള്ള അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികളും തുടരുന്നതിനിടെയാണ് പിന്നെയും പിന്നെയും കോടികൾ മുടക്കി മറ്റൊരു പുതിയ പദ്ധതി.

logo
Metro Vaartha
www.metrovaartha.com