

ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിന് അയ്യങ്കാവിൽ നടത്തിയ പ്രതിഷേധ സംഗമം.
കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ അശാസ്ത്രീയ ഓട നിർമാണത്തിന്‍റെ ഫലമായി അയ്യങ്കാവ് ഗവൺമെന്‍റ് ഹൈസ്കൂളിനു മുന്നിലും പരിസര പ്രദേശങ്ങളിലും നാളുകളായി രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
അയ്യങ്കാവ് ഗവൺമെന്‍റ് ഹൈസ്കൂളിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ മുനിസിപ്പൽ ചെയർപെഴ്സൺ ഭാനുമതി രാജു, മുനിസിപ്പൽ കൗൺസിലർമാരായ അരുൺ പി. ബോബൻ, പി.ആർ. ഉണ്ണികൃഷ്ണൻ, ജോർജ് അമ്പാട്ട്, മുൻ കൗൺസിലറും മുൻ എഫ്ഐടി ചെയർമാനുമായ ആർ. അനിൽകുമാർ, വിദ്യ പ്രസന്നൻ, ഹരി എൻ. വൃന്ദാവൻ, കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.കെ. വർഗീസ്, അയ്യങ്കാവ് ഹൈസ്കൂൾ പിടിഎ പ്രസിഡന്‍റ് അനന്തകൃഷ്ണൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഷാബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ സംഗമത്തിൽ അയ്യങ്കാവിലെ വ്യാപാരികളും പരിസരവാസികളും നാട്ടുകാരും പങ്കെടുത്തു. വെള്ളക്കെട്ടിനു കാരണം അടിയന്തരമായി കണ്ടെത്തി നടപടി സ്വീകരിക്കാൻ അയ്യങ്കാവ് ജനകീയ കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു.