കിണറ്റിൽവീണ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു

പന്ത്രണ്ടുകാരി വീണത് 50 അടി താഴ്ചയുള്ള കിണറ്റിൽ
കിണറ്റിൽ വീണ കുട്ടിയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചപ്പോൾ.
കിണറ്റിൽ വീണ കുട്ടിയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചപ്പോൾ.
Updated on

വിഴിഞ്ഞം: കളിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ 12കാരിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വെങ്ങാനൂർ കല്ലുവെട്ടാൻകുഴി സുനിത ഭവനിൽ സുനിതയുടെ മകൾ അനാമിക(12)യെയാണ് രക്ഷപ്പെടുത്തിയത്.

കല്ലുവെട്ടാൻ കുഴിയിൽ അമ്മ നടത്തുന്ന സ്ഥാപനത്തിന് സമീപം ഒന്നരയടി മാത്രം വീതിയുള്ള 50 അടി താഴ്ചയുള്ള കിണറിന്‍റെ പുറത്തെ ഗ്രില്ലിൽ ഇരുന്ന് കളിക്കുന്നതിനിടെയാണ് ഗ്രില്ല് തകർന്ന് കുട്ടി കിണറ്റിനുള്ളിൽ അകപ്പെട്ടത്. സംഭവം കണ്ട അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തുന്നതു വരെ കുട്ടി കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റിലെ കയറിൽ പിടിച്ച് കിടക്കുകയായിരുന്നു.

കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു. ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാൻ സാധിക്കുന്ന കിണറ്റിൽ ഫയർമാൻ ജി. രാജീവ് ഓക്സിജൻ സിലിണ്ടറുമായി ഇറങ്ങി പെൺകുട്ടിയെ വലയിൽ കയറ്റി കരയ്ക്കെത്തിച്ചു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പെൺകുട്ടിയ്ക്ക് മറ്റ് പരിക്കുകൾ ഒന്നുമില്ല.

സ്റ്റേഷൻ ഓഫീസർ ടി.കെ. അജയിന്‍റെ നേതൃത്വത്തിലിൽ ആർ.ജി. ഷിജു, എസ്. പ്രദീപ് കുമാർ, അനുരാജ്, രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. കിണറിന്‍റെ കൈവരി ഉയരം കൂട്ടി ഗ്രിൽ സ്ഥാപിച്ച് സുരക്ഷിതമാക്കാൻ വീട്ടുകാർക്ക് അഗ്നിരക്ഷാസേന നിർദ്ദേശം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com