
തൃശൂർ: തൃശൂരിൽ ഗ്രാമപഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്യാണത്തിന് പോയതായി പരാതി. പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം.
പഞ്ചായത്ത് സെക്രട്ടറിയുടെ മകന്‍റെ വിവാഹം കൂടാനാണ് ജീവനക്കാർ ഒന്നടങ്കം പോയത്. ഇതോടെ ഓഫീസിലെത്തിയ ആവശ്യക്കാർ വലഞ്ഞു. രാവിലെ ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ടശേഷമാണ് എല്ലാവരും കല്യാണത്തിന് പോയത്. ഫ്രണ്ട് ഓഫീസിലിരിക്കുന്ന ആളോട് കാര്യം തിരിക്കിയപ്പോഴാണ് എല്ലാവരും കല്യാണത്തിന് പോയതാണെന്ന് അറിഞ്ഞത്. ഇതോടെ ഓഫീസിൽ ചെറിയ പ്രതിഷേധം നടന്നുവെന്നാണ് വിവരം.
സംഭവമറിഞ്ഞ് ഓഫീസിലെത്തിയവരുടെ നമ്പർ വാങ്ങി തങ്ങൾ ഉടൻ ഓഫീസിലെത്തുമെന്ന് വിളിച്ച് പറഞ്ഞ് ജീവനക്കാർ അനുനയ ശ്രമങ്ങളും നടത്തിയതായാണ് വിവരം. എന്നാൽ, പഞ്ചായത്തിലും ഫ്രണ്ട് ഓഫീസിലും ജീവനക്കാർ ജോലിക്കുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മുരളീധരൻ പറഞ്ഞു.