കൊച്ചിയിലെ സൂയിസൈഡ് പോയിന്‍റായി ഹാർബർ പാലം

കഴിഞ്ഞ ആറ് മാസത്തിനകം ഒരു യുവതിയടക്കം അഞ്ച് പേരാണ് പാലത്തിൽനിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയത്
കൊച്ചിയിലെ സൂയിസൈഡ് പോയിന്‍റായി ഹാർബർ പാലം
കൊച്ചി കായലിനു കുറുകെയുള്ള ഹാർബർ പാലം.MV
Updated on

മട്ടാഞ്ചേരി: കൊച്ചി കായലിനു കുറുകെയുള്ള ഹാർബർ പാലം ആത്മഹത്യാ മുനമ്പായി മാറുന്നു. കഴിഞ്ഞ ആറ് മാസത്തിനകം ഒരു യുവതിയടക്കം അഞ്ച് പേരാണ് പാലത്തിൽനിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയത്. ഇതിൽ മൂന്ന് പേരെ അടുത്തുള്ള ഹാർബർ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.

കഴിഞ്ഞ ആഴ്ച പാലത്തിൽ നിന്ന് ചാടിയ ഗൃഹനാഥന്‍റെ മൃതദേഹം രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. ബുധനാഴ്ച ആത്മമഹത്യാശ്രമം നടത്തിയ യുവതിയെ വള്ളത്തിലുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയതോടെയാണ് ഇടവേളയ്ക്കു ശേഷം പാലത്തിലെ ആത്മഹത്യാ ശ്രമം വീണ്ടും പൊതുജന ശ്രദ്ധയിൽപ്പെടുന്നത്.

പാലത്തിൽ ആത്മഹത്യ തടയാനുള്ള പദ്ധതി ഇന്നും ചുവപ്പുനാടയിലാണ്. ആത്മഹത്യാശ്രമങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിക്കുമ്പോൾ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യത്തിനും ശക്തിയേറുകയാണ്. കൊച്ചി കായലിനു ചുറ്റുമുള്ള പാലങ്ങളായ തോപ്പുംപടി ഹാര്‍ബര്‍ പാലം, ബിഒടി പാലം, തേവര വിക്രാന്ത് പാലം, പഴയ തേവര പാലം എന്നിവിടങ്ങളും സൂയിസൈഡ് പോയിന്‍റുകളായി മാറുന്നതായും പറയുന്നു.

കൊച്ചി കായലില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ചാടുന്നവരെ രക്ഷപെടുത്തുന്നത് ശ്രമകരമാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് പാലത്തില്‍ പ്രതിരോധ കവചം സ്ഥാപിക്കണമെന്ന ആശയം ഉടലെടുത്തത്. കോസ്റ്റല്‍ പൊലീസാണ് ആശയം പൊതു മരാമത്ത് വകുപ്പിനു നല്‍കിയത്. പാലത്തിന്‍റെ ഇരുവശത്തെയും കൈവരികളിൽ ഉയരത്തില്‍ കമ്പിവേലി സ്ഥാപിക്കണമെന്നതാണ് ആശയം. എന്നാല്‍, ഇതു സംബന്ധിച്ച് കത്ത് നല്‍കി ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ പോലും പൊതുമരാമത്ത് അധികൃതര്‍ തയാറായിട്ടില്ല.

ആത്മഹത്യാ ശ്രമത്തിന്‍റെ ഭാഗമായി കായലില്‍ ചാടുന്നവര്‍ക്കായുള്ള തെരച്ചിലിന്‍റെ സമയവും പണവും പോലും വേണ്ടിവരില്ല സംരക്ഷണ വേലി നിർമിക്കാൻ. ഇതിനിടെ പാലത്തിന്‍റെ ഇരുഭാഗത്തും സ്ഥാപിച്ച ആത്മഹത്യാ ശ്രമങ്ങൾ ഒഴിവാക്കാനുള്ള മുന്നറിയിപ്പ് ബോർഡുകൾ പോലും അപ്രത്യക്ഷമായതും ചർച്ചാ വിഷയമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com