നെടുമ്പാശേരിയിൽ ഹെറോയിൻ വേട്ട; അസം സ്വദേശി പിടിയിൽ

ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടികളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്

Ijaz-ul-Haq

ഇജാജുൽ ഹഖ്

Updated on

കൊച്ചി: നെടുമ്പാശേരിയിൽ ഹെറോയിനുമായി ഇതരസംസ്ഥാനക്കാരനെ പിടികൂടി. ഇയാളിൽ നിന്ന് 50 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

അസം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ് (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അസമിൽ നിന്ന് ട്രെയ്ൻ മാർഗം തൃശൂരിൽ എത്തി അവിടെനിന്ന് കാർമാർഗം പിരാരൂർ‌ വഴി റൂമിലേക്ക് പോകുന്നതിനിടെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടികളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 15 ലക്ഷം രൂപ വിലമതിക്കും. മയക്കുമരുന്ന് വിൽപന നടത്തി പിറ്റേന്ന് തന്നെ വിമാനമാർഗം അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി. നാഗാലാൻഡിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി. ബിനു കുമാർ, എസ്ഐമാരായ എം.വി. അരുൺ ദേവ്, മജു എം. ലാൽ, എ.സി. ബിജു, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.വി. ബിനു, റോണി അഗസ്റ്റിൻ, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, പി.ആർ. നിഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com