##രാജേഷ് വർമ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളുടെ പരിപാലനത്തിനു ഹൈക്കോടതി ഇടപെടൽ. മുതിർന്ന അഭിഭാഷകൻ കെ.പി. ശ്രീകുമാറിനെ കമ്മിഷനായി നിയമിച്ച കോടതി മുഴുവൻ ആനകളുടെയും വിവരങ്ങളും രേഖകളും നാളെ കൈമാറണമെന്നു നിർദേശിച്ചു. വോയ്സ് ഫൊർ ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റും ക്യാനഡയിൽ താമസക്കാരിയുമായ സംഗീത അയ്യർക്കുവേണ്ടി പെരുമ്പാവൂർ സ്വദേശി അലീന അന്ന കോസ് നൽകിയ ഹർജിയിലാണു നടപടി.
ഈ മാസം 25നെത്തിയ ഹർജി ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്ത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
കമ്മിഷൻ നാലിനു രാവിലെ 11ന് ആനക്കോട്ടയിൽ പരിശോധന നടത്തണം. തുടർന്ന് ആനസംരക്ഷണം, പരിപാലനം എന്നിവയുടെ ഫോട്ടൊ അടക്കമുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ഹൈക്കോടതിക്കു കൈമാറണം. 13ന് ഹർജി വീണ്ടും പരിഗണിക്കും.
ദേവസ്വത്തിനു കീഴിൽ പുന്നത്തൂർ കോട്ടയിലെ 11 ഏക്കറുള്ള ആനത്താവളത്തിൽ 40ഓളം ആനകളാണുള്ളത്. ഇവയ്ക്കു കോടതിയുടെ മേൽനോട്ടത്തിൽ കൂടുതൽ മികച്ച പരിപാലനവും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഭക്തർ ഗുരുവായൂരപ്പനു വഴിപാടായി നടയ്ക്കിരുത്തുന്ന ആനകളെ ദേവസ്വം അധികൃതർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും ഇതുമൂലം ചില ആനകൾ ചരിഞ്ഞെന്നും ഹർജിയിൽ ആരോപിക്കുന്നു.
ആനകൾ മാലിന്യത്തിനുള്ളിൽ തന്നെ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ ആനത്താവളത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കുക, ചങ്ങല ഉരഞ്ഞു വ്രണമുണ്ടാകുന്നതു തടയാൻ അവയ്ക്കു റബർ ആവരണം പിടിപ്പിക്കുക, ആനകളുടെ ആരോഗ്യ സംരക്ഷണത്തിനു വിദഗ്ധരുടെ സഹായത്തോടെ പഠനം നടത്തി പ്രത്യേക ഭക്ഷണക്രമം നടപ്പാക്കുക, പ്രായമായവയും ആരോഗ്യപ്രശ്നങ്ങളുള്ളവയുമായ ആനകളെ ചങ്ങലകൾ നീക്കി അവയ്ക്കു പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുക, ആനകൾക്കെല്ലാം സ്വതന്ത്രമായി നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമേർപ്പെടുത്തി അതിനായി ലോഗ് ബുക്ക് സൂക്ഷിക്കുക തുടങ്ങി അഞ്ചോളം പ്രധാന ആവശ്യങ്ങൾ ഹർജിക്കാരി ഉന്നയിച്ചിട്ടുണ്ട്.
10 കൊല്ലം; ചരിഞ്ഞത് 25 ആനകൾ
ഗുരുവായൂരപ്പന് ഭക്തർ നടയ്ക്കിരുത്തിയ ആനകളിൽ 25 ആനകൾ കഴിഞ്ഞ 10 വർഷത്തിനിടെ ചരിഞ്ഞു. പരിപാലനത്തിലെ വീഴ്ചകളാണ് ചില ആനകൾ ചരിഞ്ഞതിനു കാരണമെന്നാണ് ആരോപണം. 2,000 കോടിയിലേറെ രൂപ വിവിധ ബാങ്കുകളിൽ നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വം ആനകളുടെ കാര്യത്തിൽ വേണ്ടത്ര പരിഗണന കാണിക്കുന്നില്ല എന്നതാണ് മുഖ്യ പരാതി.
പദ്മനാഭൻ, വലിയ കേശവൻ, കേശവൻകുട്ടി, ശേഷാദ്രി, നാരായണൻകുട്ടി, മാധവൻകുട്ടി, ജൂനിയർ മാധവൻകുട്ടി, ജൂനിയർ ലക്ഷ്മണൻ, രാമചന്ദ്രൻ, പാർഥൻ, അർജുനൻ, കുട്ടിശങ്കരൻ, പ്രകാശൻ, ഉമാദേവി, കുട്ടിക്കൃഷ്ണൻ, അപ്പു, കൃഷ്ണൻ, സത്യനാരായണൻ, രാമൻകുട്ടി, ആദിത്യൻ, അച്യുതൻ, ജൂനിയർ അച്യുതൻ, വിനീത് കൃഷ്ണൻ, രാമു, മുരളി എന്നീ ആനകളെയാണു ഗുരുവായൂരപ്പന് 10 കൊല്ലത്തിനിടെ നഷ്ടമായത്.
ആനകളെ സംരക്ഷിക്കാൻ കൂടുതൽ സ്ഥലം വാങ്ങാനോ സംവിധാനങ്ങളൊരുക്കാനോ ദേവസ്വത്തിനു സാമ്പത്തിക പരാധീനതയൊന്നുമില്ല. സാമ്പത്തിക സഹായം നൽകാൻ ഭക്തരും സന്നദ്ധരാണ്. എന്നിട്ടും ദേവസ്വം ബോർഡ് ഇതു ഗൗരവത്തിലെടുക്കുന്നില്ല. കോടതി ഇടപെടലുണ്ടായതോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണു ഭക്തരുടെ പ്രതീക്ഷ. ആനത്താവളം മികച്ച രീതിയിൽ സജ്ജമാക്കിയാൽ പൊതുജനങ്ങൾ അവയെ കാണാനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനാകും.