കരുവന്നൂരിൽ ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തി വീട്ടമ്മ

ആരോപണങ്ങൾ ശക്തമായി നിൽക്കുമ്പോഴാണ് ഷൈലജ കരുവന്നൂർ ബാങ്കിലെത്തി നിക്ഷേപം നടത്തിയത്
ഷൈലജ ബാലൻ ബാങ്കിലേക്ക് തുക കൈമാറുന്നു
ഷൈലജ ബാലൻ ബാങ്കിലേക്ക് തുക കൈമാറുന്നു
Updated on

തൃശൂർ: കോടികളുടെ വായ്പാതട്ടിപ്പും കള്ളപ്പണ ഇടപാടും നിക്ഷേപകർക്ക് പണം കിട്ടുന്നില്ലെന്നും പുറത്ത് ആരോപണം കൊഴുക്കുമ്പോഴും കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും പണം നിക്ഷേപിച്ച് വീട്ടമ്മ. തളിയക്കോണം സ്വദേശി കൊറ്റായി വീട്ടിൽ ഷൈലജ ബാലനാണ് ബാങ്കിലെത്തി ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയത്. നിക്ഷേപം തിരികെ ലഭിക്കുന്നില്ലെന്ന പരാതികളും ലക്ഷങ്ങളുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കാതെ മരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ ശക്തമായി നിൽക്കുമ്പോഴാണ് ഷൈലജ കരുവന്നൂർ ബാങ്കിലെത്തി നിക്ഷേപം നടത്തിയത്.

വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർ പുറത്ത് ആരോപണങ്ങളും പരാതികളും കേട്ടിട്ടും ബാങ്കില്‍ നിക്ഷേപം നടത്താനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ബാങ്കിനോടുള്ള വിശ്വാസ്യതയെന്നായിരുന്നു ഷൈലജയുടെ മറുപടി.

30 വർഷം മുമ്പ് വിവാഹം കഴിഞ്ഞ് കരുവന്നൂരില്‍ എത്തിയതാണ്. അന്ന് മുതല്‍ താന്‍ കരുവന്നൂര്‍ ബാങ്കില്‍ ഓഹരിയുടമയും സ്ഥിരമായി ഇടപാട് നടത്താറുള്ളയാളുമാണ്. തന്‍റെ നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും പലിശ ഇനത്തില്‍ തുകകള്‍ ലഭിക്കാറുണ്ടെന്നും ഷൈലജ വ്യക്തമാക്കി. ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഷൈലജ ബാലന്‍. സിപിഎം നിർദേശപ്രകാരമാണോ വിവാദ സമയത്തെ നിക്ഷേപത്തിന് കാരണമെന്ന ചോദ്യത്തിന് താൻ പാർട്ടി പ്രവർത്തകയല്ലെന്നും എല്ലാവർക്കുമുള്ളതുപോലെയുള്ള രാഷ്ട്രീയം തനിക്കുമുണ്ടെന്നും ഇടത് അനുഭാവമുണ്ടെന്നും പറഞ്ഞ ഷൈലജ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ഇതൊക്കെ വ്യക്തിപരമാണെന്നും നേരത്തെ തുടരുന്ന ഇടപാടിന്‍റെ തുടർച്ച മാത്രമാണെന്നും ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. ചന്ദ്രശേഖനും അംഗങ്ങളുമാണ് ഷൈലജയുടെ നിക്ഷേപം സ്വീകരിച്ച് രസീത് നൽകിയത്. കരുവന്നൂര്‍ ബാങ്കിനെതിരെ നടക്കുന്നത് തെറ്റായ പ്രചരണങ്ങളെന്ന് തെളിയുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ലെന്ന പ്രചരണങ്ങൾ ആസൂത്രിതമാണെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഇത് നിക്ഷേപകരെ കൂടുതൽ ആശങ്കയിലാക്കാനും ബാങ്ക് പ്രവർത്തനത്തെ തകർക്കാനും മാത്രമേ ഉപകരിക്കൂ.

വിവാഹ, ചികിത്സാ ആവശ്യങ്ങള്‍ക്കെല്ലാം നിക്ഷേപകർക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കുന്നുണ്ട്. പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇത് അനുവദിക്കുന്നത്. രണ്ടു വര്‍ഷത്തിലധികമായി നേരിട്ടു വന്നിരുന്ന പ്രതിസന്ധികളില്‍ നിന്നും ബാങ്ക് സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. ബാങ്കില്‍ നിന്ന് വസ്തു വായ്പകളും സ്വര്‍ണ പണയ വായ്പകളും ഇപ്പോള്‍ നല്‍കുന്നതായി ബാങ്ക് അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com