
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
തിരുവനന്തപുരം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നേമം കല്ലിയൂർ സ്വദേശിയായ ബിൻസിയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് യുവതി കൊല്ലപ്പെട്ടത്. ഹരിത കർമ്മ സേനാംഗമായ ബിൻസി ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശാന്തിവിളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
കെട്ടിട നിർമാണ തൊഴിലാളിയായ സുനിൽ സ്ഥിരം മദ്യപാനിയായിരുന്നു. ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. യുവതി രാത്രി മറ്റൊരാളുമായി ഫോണിൽ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സുനിൽ പൊലീസിന് മൊഴി നൽകിയത്. കസ്റ്റഡിയിലുളള സുനിലിനെ ചോദ്യം ചെയ്ത് വരുകയാണ്.