ബ്രഹ്മപുരത്ത് അനധികൃത ഖനനം; ഒന്നുമറിയാതെ നഗരസഭ

നഗരസഭയുടെ സ്ഥലത്ത്‌ നിന്ന് വൻതോതിൽ ധാതുമണൽ ഖനനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിപിസിഎൽ കൊച്ചി റിഫൈനറി നഗരസഭയ്ക്ക് കത്ത് നൽകിയതോടെയാണ്‌ നഗരസഭ പോലും വിവരമറിഞ്ഞത്
Representative image
Representative image

ജിബി സദാശിവൻ

കൊച്ചി: നഗരസഭ പോലുമറിയാതെ നഗരസഭ വക ഭൂമിയിൽ ധാതുമണൽ ഖനനം. ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് കംപ്രസ്സ്ഡ് ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി കൊച്ചി നഗരസഭ കൈമാറിയ പത്ത് ഏക്കർ സ്ഥലത്താണ്‌ ആരോരുമറിയാതെ റെഡ് എർത്ത് ഖനനം നടന്നത്. ഇവിടെ നിന്ന് ഖനനം ചെയ്ത റെഡ് എർത്ത് എവിടേയ്ക്ക് പോയി എന്നത് നഗരസഭയ്ക്ക് ഒരറിവുമില്ല. നഗരസഭയുടെ സ്ഥലത്ത്‌ നിന്ന് വൻതോതിൽ ധാതുമണൽ ഖനനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിപിസിഎൽ കൊച്ചി റിഫൈനറി നഗരസഭയ്ക്ക് കത്ത് നൽകിയതോടെയാണ്‌ നഗരസഭ പോലും വിവരമറിഞ്ഞത്. വലിയ തോതിൽ ഖനനം നടന്നതിൽ കൊച്ചി റിഫൈനറി ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്ലാന്‍റ് നിർമാണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിഫൈനറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി റിഫൈനറിയുടെ കത്തിൽ ഉദ്യോഗസ്ഥർ കുറിപ്പെഴുതിയെങ്കിലും ഒരന്വേഷണവും നടന്നില്ലെന്ന് മാത്രവുമല്ല ഇതേ കുറിച്ച് ഒന്നുമറിയില്ലെന്നാണ് മേയറുടെ നിലപാട്. ബ്രഹ്‌മപുരത്തിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷിക്കണമെന്നാണ് റിഫൈനറി നൽകിയ കത്തിൽ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്. 2024 ജനുവരി 6 നു അന്വേഷണ ശുപാർശ നടത്തിയെങ്കിലും അന്വേഷണത്തെക്കുറിച്ച് ഇപ്പോഴും ആർക്കും ഒന്നുമറിയില്ല. ഖനനം ചെയ്ത റെഡ് എർത്ത് ഖരമാലിന്യ സംസ്കാരം പ്ലാന്‍റ് പരിസരം ലെവൽ ചെയ്യാൻ ഉപയോഗിച്ച് കാണുമെന്ന വിചിത്ര മറുപടിയാണ് മേയർ നൽകുന്നത്.

ധാതുമണൽ ഖനനം താത്ക്കാലത്തേക്ക് നിർത്തിവച്ചു എന്ന് മാത്രമാണ് കൊച്ചി റിഫൈനറി നൽകുന്ന മറുപടി. കൊച്ചി നഗരസഭയുടെ സ്ഥലത്ത്‌ നിന്ന് അജ്ഞാതർ റെഡ് എർത്ത് വൻതോതിൽ ഖനനം ചെയ്തിട്ടും നഗരസഭാ അധികൃതർ മൂക സാക്ഷികളായി നിന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ സംഭവം റിപ്പോർട്ട് ചെയ്യുകയും അന്വേഷണ ശുപാർശ നൽകുകയും ചെയ്തിട്ടും നടപടിയെടുക്കാൻ മേയർ മടിക്കുകയാണെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എം.ജി അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി.

അതിനിടെ ബ്രഹ്‌മപുരത്ത് ഖരമാലിന്യം കുന്നുകൂടുകയാണ്. കഴിഞ്ഞ മാർച്ചിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വിൻഡ്രോ കാണുമ്പോസ്റ്റ് പ്ലാന്‍റ് അടച്ചുപൂട്ടിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന പ്ലാന്‍റ് ഉടൻ അടച്ചുപൂട്ടാൻ കോടതിയും ഉത്തരവിട്ടിരുന്നു. ജില്ലയിലെ കിഴക്കൻ പ്രദശങ്ങളായ പിറവം, മൂവാറ്റുപുഴ, മലയാറ്റൂർ, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിൽ അനധികൃത ഖനനം നടക്കുന്നതായി പത്ത് വർഷം മുൻപ് താനെ ആരോപണം ഉന്നയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ലോബിയായിരുന്നു ഇതിന് പിന്നിൽ.

Trending

No stories found.

Latest News

No stories found.