

ജിബി സദാശിവൻ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രദർശന കേന്ദ്രം കൊച്ചി മറൈൻ ഡ്രൈവിൽ ഡിസംബറിൽ നിർമാണം തുടങ്ങും. മംഗള വനത്തോട് ചേർന്നുള്ള സംസ്ഥാന ഹൗസിംഗ് ബോർഡ് വക 17.9 ഏക്കർ സ്ഥലത്താണ് രാജ്യാന്തര കൺവൻഷൻ കേന്ദ്രവും ഹൗസിംഗ് കോംപ്ലക്‌സും അടക്കമുള്ള വമ്പൻ പദ്ധതി ഒരുങ്ങുന്നത്. രണ്ടായിരം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. 40 ലക്ഷം ചതുരശ്ര അടിയിൽ ഹൗസിംഗ് പദ്ധതിയും 3,60,000 ചതുരശ്ര അടിയിൽ വാണിജ്യ സമുച്ചയവും ആണ് നിർമിക്കുക. ഡിസംബറിൽ നിർമാണം ആരംഭിച്ച് 2025 ൽ പൂർത്തിയാക്കാനാണ് ഹൗസിംഗ് ബോർഡ് ലക്ഷ്യമിടുന്നത്.ഒരു മാസത്തിനകം ഡി പി ആർ തയാറാക്കുമെന്നും ഉടൻ ടെണ്ടർ വിളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംസ്‌ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീർ മെട്രോ വാർത്തയോട് പറഞ്ഞു.
പൂർണമായും പരിസ്‌ഥിതി സൗഹൃദ കെട്ടിടമാകും നിർമിക്കുക. രാജ്യാന്തര കൺവൻഷൻ കേന്ദ്രം, മുളങ്കാട് എന്നിവയാകും പദ്ധതിയുടെ പ്രധാന ആകർഷണം. കൺവൻഷൻ കേന്ദ്രം, കെട്ടിട സമുച്ചയം, വാണിജ്യ സമുച്ചയം, ഷോപ്പിംഗ് കോംപ്ലക്സ് ,നക്ഷത്ര ഹോട്ടലുകൾ, തുടങ്ങിയ എല്ലാ സൗകര്യവും ഇവിടെയുണ്ടാകും. പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ സമ്യുക്ത സംരംഭമായോ പദ്ധതി നടപ്പാക്കാനാണ് ആലോചന.താഴ്ന്ന വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. മറൈൻഡ്രൈവ് പദ്ധതിക്കായി 2019 ൽ തുടങ്ങിയ ആലോചനയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
മന്ത്രിസഭാ അനുമതി ലഭിച്ചാലുടൻ ഡി പി ആർ തയാറാക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഭവന നിർമാണ ബോർഡ്. എൻ ബി സി സി, ഹൗസിംഗ് ബോർഡ് സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ മനോഹാരിത, അടിസ്‌ഥാനസൗകര്യ ലഭ്യത, രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ, രാജ്യതന്ത്ര വിമാനത്താവളം, വാട്ടർ ഫ്രണ്ട് കണക്റ്റിവിറ്റി എന്നിവ പദ്ധതിക്ക് ഗുണകരമാകുമെന്ന് സംഘം വിലയിരുത്തി.