അന്താരാഷ്ട്ര ടൂറിസം ദിനാഘോഷം മാമലക്കണ്ടത്ത്

മാമലക്കണ്ടത്തെ കേരളത്തിലെ തന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു
Dean Kuriakose MP inaugurates the Ernakulam district-level event held at Mamalakkandam in connection with International Tourism Day.

അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് മാമലക്കണ്ടത്ത് നടന്ന എറണാകുളം ജില്ലാതല ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കുന്നു

Updated on: 

കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്‍റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടം എസ്എൻഡിപി ഹാളിൽ നടന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്റ്റർ ജി. പ്രിയങ്ക മുഖ്യാതിഥിയായി.

മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പ്രദേശത്തിന്‍റെ സാധ്യതകൾ കണ്ടെത്തി ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും മാമലക്കണ്ടത്തെ കേരളത്തിലെ തന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.


A team comprising MP Dean Kuriakose and Collector G. Priyanka is trekking.

ഡീൻ കുര്യാക്കോസ് എംപി, കളക്റ്റർ ജി. പ്രിയങ്ക എന്നിവർ അടങ്ങുന്ന സംഘം ട്രെക്കിങ് നടത്തുന്നു

കോതമംഗലത്തെ ടൂറിസത്തിന്‍റെ നെറുകയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അതിന്‍റെ ചുവടുവയ്പ്പ് മാമലക്കണ്ടത്ത് നിന്ന് ആരംഭിക്കുമെന്നും ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. പ്രകൃതിയെയും തദ്ദേശീയ ജീവിതരീതികളെയും സംരക്ഷിച്ചുകൊണ്ട് മാമലക്കണ്ടത്തിന്‍റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാമലക്കണ്ടത്ത് നിരവധി ടൂറിസം സാധ്യതകളുണ്ടെന്ന് കളക്റ്റർ പ്രിയങ്ക പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന 20 ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളിൽ മാമലക്കണ്ടത്തെയും ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്യുമെന്നും കളക്റ്റർ വ്യക്തമാക്കി.

പരിപാടിയുടെ ഭാഗമായി രാവിലെ മേട്നപ്പാറ ഉന്നതിയിലെത്തിയ എംപി, എംഎൽഎ, കളക്റ്റർ, ഡിടിപിസി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തിന് ഉന്നതിയിലെ മൂപ്പനും സംഘവും പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. അതോടൊപ്പം ആദിവാസികളുടെ തനത് ഭക്ഷണരീതിയായ കുമ്പംകാച്ചി ഒരുക്കി. ആദിവാസി ജീവിതവും സംസ്കാരവും അടുത്തറിയുന്നതിനുള്ള അവസരവും സംഘത്തിന് ലഭിച്ചു. ഉദ്ഘാടനച്ചടങ്ങിന് ശേഷം മാമലക്കണ്ടത്ത് നിന്ന് കൊയ്നിപ്പാറയിലേക്ക് സംഘം ട്രക്കിങ് നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മോഹൻ, ബ്ലോക്ക് മെമ്പർ ചിഞ്ചു എബ്രഹാം, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു ഏലിയാസ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയൻ, അരുൺ ചന്ദ്രൻ, ലിസ്സി സൈമൺ, പഞ്ചായത്ത്‌ മെമ്പർമാരായ കെ.പി. ഗോപിനാഥൻ, ഇ.കെ. ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, എ.ടി. പൗലോസ്, ഡിടിപിസി, വനം വകുപ്പ്, ആദിവാസി വകുപ്പ് ഉദ്യോഗസ്ഥർ, മാർ ഏലിയാസ് കോളെജിലെയും സെന്‍റ് പീറ്റേഴ്‌സ് കോളെജിലെയും വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com