

ഇരിങ്ങാലക്കുട: ഡിസംബർ ആറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം നവകേരള സദസിന് ഫണ്ട് നൽകേണ്ടതില്ലെന്ന് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഇതിനായി അനുമതി തേടിയതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഭരണകക്ഷിയായ യുഡിഎഫ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം. എൽഡിഎഫ് അംഗങ്ങൾ അനുകൂലിച്ചപ്പോൾ ബിജെപി അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു.
ക്ഷേമപെൻഷനുകൾ അനുവദിക്കുന്നതിലെ കാലതാമസത്തെ ചൊല്ലിയുള്ള ബിജെപി അംഗങ്ങളുടെ പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധത്തോടെയാണ് യോഗം ആരംഭിച്ചത്. ഇതു സംബന്ധിച്ച പ്രമേയം എൽഡിഎഫ് - ബിജെപി അംഗങ്ങൾ തമ്മിലുള്ള വാക് പോരിനിടയിൽ എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെ അംഗീകരിച്ചു.