കൊച്ചിയെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ എസ് എഫ് ഒ ടെക്നോളജീസ്; സീറോ എമിഷന്‍ സംരഭം ഐഎസ്ആര്‍ഒ മേധാവി സോമനാഥ് ഉദ്ഘാടനം ചെയ്തു

എസ്എഫ്ഒ ടെക്നോളജീസും നെസ്റ്റ് ഗ്രൂപ്പും പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്
ISRO Chief Somnath inaugurated the Zero Emission Initiative
എസ് എഫ് ഒ ടെക്നോളജീസിന്റെ സീറോ എമിഷന്‍ സംരഭം ഐഎസ്ആര്‍ഒ മേധാവി സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു. നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ ജഹാംഗീർ, എസ്എഫ്ഒ ടെക്‌നോളജീസ്, ഹാർഡ്‌വെയർ ആൻഡ് മാനുഫാക്‌ചറിംഗ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീർ, നെസ്‌റ്റ് ഡിജിറ്റൽ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീൻ ജഹാംഗീർ എന്നിവർ സമീപം

കളമശേരി: ഐക്യരാഷ്ട്രസഭ ലക്ഷ്യം വെക്കുന്ന കാര്‍ബണ്‍ പുറംതള്ളല്‍ 2035-ാടെ 50 ശതമാനം കുറയ്ക്കാനും 2040-ാടെ മലിനീകരണം പൂജ്യമാക്കാനുമുള്ള ഉദ്യമത്തിന്റെ ചുവടു പിടിച്ചു സാമൂഹിക ഉത്തരവാദിത്തത്തില്‍ ഭാഗമായി നെസ്റ്റ് ഗ്രൂപ്പിന്റെ (NeST) മുന്‍നിര കമ്പനിയായ എസ് എഫ് ഒ ടെക്നോളജീസിന്റെ കാര്‍ബണ്‍ റിഡക്ഷന്‍ ഉദ്യമത്തിന് കൊച്ചിയില്‍ തുടക്കംക്കുറിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാനും സ്പേസ് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറിയുമായ എസ് സോമനാഥ് നെസ്റ്റ് ഹൈ-ടെക് പാര്‍ക്കില്‍ ശനിയാഴ്ച രാവിലെ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം നെസ്റ്റ് എഞ്ചിനീയര്‍മാരുമായും മാനേജ്മെന്‍റ് ടീമുമായും കാര്‍ബണ്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും അതില്‍ കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഇടപെടലുകളെക്കുറിച്ചും സംവദിച്ചു. എസ് എഫ് ഒ ടെക്നോളജീസും ഐഎസ്ആര്‍ഒയുമായുള്ള സഹകരത്തിന്‍റെ അടയാളമായി ചന്ദ്രയാന്റെ മാതൃക ക്യാമ്പസില്‍ അദ്ദേഹം അനാവരണം ചെയ്തു.

ഇന്ത്യന്‍ ബഹിരാകാശ വ്യവസായം വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയെക്കുടി ഉള്‍പ്പെടുത്തി നടത്തുന്ന വികസന ശ്രമങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 9-10 ബില്യണ്‍ ഡോളര്‍ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങള്‍ക്കായുള്ള ആര്‍ എഫ് ഉപസംവിധാനങ്ങള്‍, ആന്‍റിന സിസ്റ്റങ്ങളുടെ നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ക്രയോജനിക് എഞ്ചിന്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം പ്രോഗ്രാമുകളില്‍ എസ്എഫ്ഒ ടെക്നോളോജിസ് ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐഎസ്ആര്‍ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ജഹാംഗീര്‍ പറഞ്ഞു.

എസ്എഫ്ഒ ടെക്നോളജീസും നെസ്റ്റ് ഗ്രൂപ്പും പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ദൈനംദിന ജീവിതത്തില്‍ വളരെ പ്രകടമാണ്. യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന് നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കമ്പനികളെ അതിനായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അല്‍ത്താഫ് ജഹാംഗീര്‍, സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ , എസ്എഫ്ഒ ടെക്നോളജീസ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് മാനുഫാക്ചറിംഗ്, പറഞ്ഞു.

കാര്‍ബണ്‍ മലിനീകരണം പരമാവധി കുറച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന മാതൃക സൃഷ്ടിക്കുന്നതിന് ഒന്നിലധികം പങ്കാളികളുമായി കരാറില്‍ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നസ്നീന്‍ ജഹാംഗീര്‍, നെസ്റ്റ് ഡിജിറ്റല്‍ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറും ചടങ്ങില്‍ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.