

ആലുവ റെയിൽവേ സ്റ്റേഷൻ.
File
ന്യൂഡൽഹി: കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽനിന്നു തെക്കു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാണ് തീരുമാനം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകേണ്ടവർക്കും ഇത് സൗകര്യപ്രദമാകും.
നിലവിൽ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിക്ക് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് മറ്റു സ്റ്റോപ്പുകളില്ല. അതിനാൽ എയർപോർട്ടിലേക്ക് പോകേണ്ടവർക്ക് ജനശതാബ്ദിയിൽ യാത്ര ചെയ്യുന്നത് ധനനഷ്ടവും സമയനഷ്ടവുമായിരുന്നു. എന്നാൽ, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദിക്ക് നേരത്തെ തന്നെ ആലുവയിൽ സ്റ്റോപ്പുണ്ട്.
അതേസമയം, പുതിയ സ്റ്റോപ്പ് എന്നു നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വൈകാതെ ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുലർച്ചെ 4.55നാണ് കണ്ണൂരിൽനിന്ന് ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.40 ഓടെ തിരുവനന്തപുരത്തെത്തും.