
രാജ്യത്തെ ആദ്യ ഹരിത മെഡിക്കൽ ആംബുലൻസ് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി. രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ, യുണീ ഫീഡർ മേഖലാ ഡയറക്റ്റർ സി.എം. മുരളീധരൻ, നിയമോപദേഷ്ടാവ് കൃഷ്ണ, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേരി വിൻസന്‍റ് എന്നിവർ ബോട്ടിനുള്ളിൽ.
കൊച്ചി: മന്ത്രിസഭ അംഗീകരിച്ച 3716 കോടിയുടെ കനാൽ പുനരുജ്ജീവനം സാധ്യമാക്കുന്നതോടെ കടമക്കുടിയുൾപ്പടെയുള്ള കൊച്ചി ലോകോത്തര ടൂറിസം കേന്ദ്രമാകുമെന്ന് വ്യവസായ-നിയമകാര്യ മന്ത്രി പി രാജീവ്. പിഴല സാമൂഹികാരോഗ്യ കേന്ദ്രം പരിസരത്ത് രാജ്യത്തെ ആദ്യ ഹരിത മെഡിക്കൽ ആംബുലൻസ് കം ഡിസ്പൻസറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന പ്രദേശങ്ങളാണ് കടമക്കുടിയിലേത്. ആഗോളതാപനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഏറിവരുന്നതിനാൽ ഇവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാൻ ചില ആശങ്കകളുണ്ട്. എന്നാൽ പ്രകൃതിയോടിണങ്ങുന്ന സോളാർ പദ്ധതികൾക്ക് ഇവിടെ സാധ്യതയുണ്ട്. ഫ്ലോട്ടിങ് സോളാർ പദ്ധതികൾ താമസിയാതെ ഇവിടെയും വരുമെന്ന് മന്ത്രി ഹഞ്ഞു.
ദ്വീപിന്‍റെ യാത്രാക്ലേശത്തിനു പരിഹാരമാകുന്ന ചാത്തനാട് - കടമക്കുടി പാലത്തിന്‍റെ ഉദ്ഘാടനം താമസിയാതെ ഉണ്ടാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതോടൊപ്പം കോതാട് - ചേന്നൂർ പാലവും താമസിയാതെ യാഥാർഥ്യമാക്കും. ഇതു സംബന്ധിച്ച സാങ്കേതികപ്രശ്നങ്ങൾ കഴിഞ്ഞ ദിവസം ജിഡയിൽ നടന്ന യോഗത്തിൽ പരിഹരിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
കടലാക്രമണത്തിൽ നിന്ന് തീരദേശ ജനതയെ രക്ഷിക്കാൻ സിന്തെറ്റിക് ജിയോ ട്യൂബുകൾ ഉപയോഗിച്ചുള്ള വലിയ പദ്ധതിയും വൈപ്പിനിൽ താമസിയാതെ തുടങ്ങുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു.
യുണിഫീഡർ ലോജിസ്റ്റിക്സ് മേഖല ഡയറക്ടർ സി.എം. മുരളീധരൻ ആംബുലൻസ് ബോട്ടിന്‍റെ താക്കോൽ വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. പ്ലാൻ അറ്റ് എർത്ത് അധ്യക്ഷൻ മുജീബ് മുഹമ്മദ് പദ്ധതി അവതരിപ്പിച്ചു.