നെടുമങ്ങാട്: പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവര്‍ണകാലം. കളമച്ചല്‍ കൈത്തറി ക്ലസ്റ്ററില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച പണിപ്പുരകളുടെ താക്കോല്‍ ദാനവും തറികളുടെ വിതരണോദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിനുള്ള കരാര്‍ ലഭിച്ചത് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ലാഭകരമായ ഉത്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് കൈത്തറി മേഖലയുടെ സമഗ്രമായ ഉന്നമനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം.
ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷനായി.കളമച്ചല്‍ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് ഭരണസമിതി തയാറാക്കിയ രണ്ട് കോടി രൂപയുടെ ക്ലസ്റ്റര്‍ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈല്‍ ആന്‍ഡ് കൈത്തറി മന്ത്രാലത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 25 തൊഴിലാളികള്‍ക്കാണ് പണിപ്പുരകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ജെക്കാര്‍ഡ് തറിയുടെയും തറി അനുബന്ധ ഉപകരണങ്ങളുടെ വിതരണവും നടന്നു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. ഒ ശ്രീവിദ്യ, കൈത്തറി ഡയറക്ടര്‍ കെ. എസ്. അനില്‍കുമാര്‍, കളമച്ചല്‍ കൈത്തറി പ്രസിഡന്‍റ് ജി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.