
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്റ്റാൾ
കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന്‍റെ നാലാം ദിവസമായ ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ പിതാക്കന്മാർ നേതൃത്വം നൽകി. രാവിലത്തെ ഒന്നാമത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനിയും, രണ്ടാമത്തെ കുർബ്ബാനക്ക് അഭിവന്ദ്യ സഖറിയ മോർ പീലക്സിനോസ് തിരുമേനിയും, മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം തിരുമേനിയും കാർമ്മികത്വം വഹിച്ചു.
ദൈവം നടത്തിയ വഴികളെ മറക്കാതിരിക്കുവാൻ അഭിവന്ദ്യ അപ്രേം തിരുമേനി പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. വൈകീട്ട് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനക്ക് കുര്യാക്കോസ് മോർ ഈവാനിയോസ് തിരുമേനി കാർമികത്വം വഹിച്ചു. കോതമംഗലം ചെറിയപള്ളി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റിന്‍റെ ആഭ്യമുഖത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർഥം നടത്തപ്പെടുന്ന സ്റ്റാൾ വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി, സഹ വികാരിമാർ എന്നിവർ പ്രാർഥിച്ച് ആരംഭിച്ചു.
തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, ചെയർമാൻ ജോർജ് മാത്യു സെക്രട്ടറി എബി ഞ്യാളിയത്ത്, ട്രഷ്റാർ ഐസക് കോര, പള്ളി വർക്കിങ്ങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. `വൃക്ക രോഗികൾക്ക് ഒരു കൈ താങ്ങൽ ' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സ്റ്റാൾ തുറന്നത് പ്രവർത്തിക്കുന്നത്. പള്ളിയുടെ പടിഞ്ഞാറ് വശത്ത് പ്രവർത്തിക്കുന്ന സ്റ്റാളിൽ നിന്നും ലഭ്യമാകുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടും.
തിങ്കൾ രാവിലെ 7:30 ന് അർപ്പിക്കപ്പെടുന്ന വി. അഞ്ചിന്മേൽ കുർബ്ബാനക്ക് അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിക്കും. വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും നടത്തപ്പെടും. ഡിജിറ്റൽ ഇല്യൂമിനേഷനിലൂടെ വർണവിസ്മയങ്ങൾ വാരിവിതറുന്ന വൈദ്യുത ദീപാലങ്കാരം ഒക്ടോബർ 12 ഞായറാഴ്ചവരെ ഉണ്ടായിരിക്കുന്നതാണ്