
കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരുക്ക്
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും എതിർദിശയിൽ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട ഒരു ബസ് കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പിഴ ഈടാക്കി വിട്ടയച്ചിരുന്നതാണെന്നും വിവരമുണ്ട്.