സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്‍റെ തീരം

15 കോടി രൂപ ചെലവഴിച്ച് നടപ്പാത നവീകരിക്കുന്നു, ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും
Karamana river
Karamana river

തിരുവനന്തപുരം: കരമനയാറിന്‍റെ തീരത്ത് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ, കരമനയാറിന്‍റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്‍റെയും നവീകരണത്തിന്‍റെയും നിർമാണപ്രവർത്തനങ്ങളാണു നടത്തുന്നത്.

ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവൃത്തികളാണ് കരമനയാറിന്‍റെ തീരത്ത് നടത്തുന്നത്. കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്.

നിലവിലെ നടപ്പാതയുടെ വീതി കൂട്ടി ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക് നിർമാണം, നടപ്പാത ദീർഘിപ്പിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

നദിയുടെ വെള്ളപ്പൊക്ക നിവാരണ ബണ്ടിന്‍റെ ബലപ്പെടുത്തൽ, ഓപ്പൺ ജിം, യോഗ പ്ലാറ്റ്‌ഫോം, കുട്ടികളുടെ പാർക്ക്, രണ്ട് തൂക്കുപാലങ്ങൾ, റേഡിയോ പാർക്ക്, തെരുവുവിളക്ക് സ്ഥാപിക്കൽ, കടവുകളുടെ പുനരുദ്ധാരണം, ശലഭ പാർക്ക്, വൈഫൈ സോൺ, ഫിഷിങ് ഡെക്ക് തുടങ്ങി ബൃഹത്തായ നവീകരണ പ്രവൃത്തികൾക്കാണ് കരമനയാറിന്‍റെ തീരം ഒരുങ്ങുന്നത്. കരമനയാറിന്‍റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആറ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും. സന്ദർശകർക്ക് ബോട്ട് യാത്രകൾക്കുള്ള സൗകര്യവുമുണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ സിസിടിവികൾ സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടുള്ള ശുചിമുറികൾ, ഓട്ടോമേറ്റഡ് സ്പ്രിക്‌ളർ ഇറിഗേഷൻ സൗകര്യങ്ങൾ, ആർട്ട് വാളുകൾ ഇവയും നവീകരണ പദ്ധതിയുടെ സവിശേഷതകളിൽപ്പെടുന്നു. വനം വകുപ്പ്, സർക്കാർ നഴ്‌സറികളുമായി സഹകരിച്ച് കൂടുതൽ ഫലവൃക്ഷങ്ങളും പൂമരങ്ങളും പ്രദേശത്ത് വച്ചുപിടിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com