കാര്‍ഗില്‍ സ്മരണയില്‍ ധീര ജവാന്‍മാര്‍ക്ക് പ്രണാമം അർപ്പിച്ച് എം. എ. കോളേജ്

കാര്‍ഗില്‍ സ്മരണയില്‍ ധീര ജവാന്‍മാര്‍ക്ക് പ്രണാമം അർപ്പിച്ച് എം. എ. കോളേജ്

കോളേജിലെ എൻ സി സി കേഡറ്റുകൾ കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച സൈനികർക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു
Published on

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജീവൻ വെടിഞ്ഞും രാജ്യത്തെ കാത്ത കാർഗിൽ പോരാളികൾക്ക് ആദരം അർപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജിലെ എൻ സി സി കേഡറ്റുകൾ കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച സൈനികർക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു.

പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 527 സൈനികരെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. ഈ ഓർമ്മകൾ എല്ലാം കോർത്തിണക്കി സൈനികരുടെ ജീവിതം ആസ്‌പദമാക്കി കേഡറ്റുകൾ മൂകാഭിനയം അവതരിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ദേശീയഗാനത്തോട് കൂടി പരിപാടികൾ അവസാനിച്ചു. എം. എ. കോളേജ് എൻ സി സി ഓഫീസർ ഡോ.രമ്യ കെ ചടങ്ങിന് നേതൃത്വം കൊടുത്തു.

logo
Metro Vaartha
www.metrovaartha.com