മരുന്നിനുപോലും കാശ് തികയുന്നില്ലെന്ന് കനക; പരിഹാരം ഉറപ്പ് നൽകി കെസി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ കയറുപിരി തൊഴിലാളികളുടെ സങ്കടവും പരാതികളും കേട്ടു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിലാളികളുമായി സംസാരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിലാളികളുമായി സംസാരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.

ചേർത്തല: രാവിലെ മുതൽ വൈകിട്ട് വരെ ആസ്ബറ്റോസ് ഷീറ്റിനുള്ളിലെ കൊടും ചൂടിൽ വിയർപ്പൊഴുക്കിയാലും കയറു പിരിക്ക് 300 രൂപ പോലും കിട്ടുന്നില്ല മോനേ എന്നാണ് കയറുപിരി തൊഴിലാളിയായ കനകമ്മ സങ്കടം പറഞ്ഞത്. കേട്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആ അമ്മയുടെ വാക്കുകൾ. ചികിത്സയ്ക്ക് മരുന്ന് വാങ്ങാൻ പോലും തികയുന്നില്ലെന്നും അവർ പറഞ്ഞു. യു ഡി എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ കനകമ്മയുടെയും മറ്റ് കയറുപിരി തൊഴിലാളികളുടെയും സങ്കടവും പരാതികളും കേട്ടു.

തറമൂട് കയർ വ്യവസായ സഹകരണസംഘത്തിൽ തൊഴിലാളികൾക്ക് ഒപ്പം നടത്തിയ സംവാദത്തിനിടെയാണ് തൊഴിലാളികൾ പരാതിയുടെയും പരിഭവത്തിന്‍റെയും കെട്ടഴിച്ചത്. പെൻഷൻ മുടങ്ങിയിട്ട് ഏഴ് മാസത്തോളം ആയി ഇടതുപക്ഷ സർക്കാർ ഞങ്ങളെ വഞ്ചിച്ചെന്ന് അവർ കെസി യോട് പറഞ്ഞു.

പ്രശ്നം താൻ മനസിലാക്കുന്നുവെന്നും എപ്പോഴും നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകുമെന്നും കെ സി അവർക്ക് ഉറപ്പ് നൽകി. യു ഡി എഫ് ഭരിച്ചിരുന്ന കാലത്താണ് കയർ തൊഴിലാളികളുടെ കൂലി വർധിപ്പിച്ചതെന്നും കെസി പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ തൊഴിലാളികളുടെ പ്രശ്നം ങ്ങൾക്ക് പ്രഥമ പരിഗണന നൽകും.

വരുന്ന രണ്ടു വർഷവും സംസ്ഥാന സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ സമരം നടത്തും. കയർ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ എക്കാലവും തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും കെ സി കനകമ്മയ്‌ക്ക് ഉറപ്പ് നൽകി.. തൊഴിലാളികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കെസി മടങ്ങിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com