കെ.സി. വേണുഗോപാലിന്‍റെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായി പരാതി

തെരുവ് നാടകത്തിനു നേരെ കല്ലേറ്; സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമമെന്ന് കോണ്‍ഗ്രസ്
കെ.സി. വേണുഗോപാലിന്‍റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ച നിലയിൽ.
കെ.സി. വേണുഗോപാലിന്‍റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ച നിലയിൽ.

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതി. നഗരത്തിലെ സക്കറിയ ബസാറിലും ആലിശേരിയിലും സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകൾ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നശിപ്പിക്കപ്പെട്ടു. സക്കറിയ ബസാര്‍ വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് കത്തിച്ച നിലയിലായിരുന്നു.

സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.

എ.എന്‍.പുരത്ത് ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് മുല്ലയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഷോളി സിദ്ധകുമാര്‍ കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച്ച രാത്രി അമ്പലപ്പുഴ വളഞ്ഞവഴിയില്‍ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച തെരുവ് നാടകം സിപിഎം പ്രാദേശിക നേതാക്കള്‍ തടഞ്ഞതിനെതിരേയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വളഞ്ഞവഴിയില്‍ ഐഎന്‍ടിയുസി ഓഫീസിനു സമീപം സംഘടിപ്പിച്ച തെരുവു നാടകത്തിനു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത് നാടകം തടസപ്പെടുത്തിയെന്നാണ് പരാതി. നിയമപരമായ എല്ലാ അനുമതികളോടും കൂടി പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിപാടിക്ക് പോലീസിനെ നോക്കു കുത്തിയാക്കിക്കൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ കല്ലേറെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അഭിപ്രായസര്‍വേകള്‍ എല്ലാം കെ.സി. വേണുഗോപാലിന് വിജയം എന്ന് വിധി എഴുതിയതും കെസിയുടെ ജനപിന്തുണയും സിപിഎമ്മിനെ അക്രമത്തിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com