സോളാർ സിറ്റിയാകാൻ ഒരു കേരള നഗരം

സോളാർ പദ്ധതിക്കായി സബ്സിഡിയും 5 % വരെ പലിശയിളവിൽ ബാങ്ക് വായ്പയും
Representative image for solar city
Representative image for solar city

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമ്പൂർണ സൗരോർജ നഗരമാകാനൊരുങ്ങുന്ന തിരുവനന്തപുരത്തെ ജനങ്ങൾക്ക് ആനുകൂല്യങ്ങളോടെ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി അനർട്ട്. നേരത്തെ പരീക്ഷിച്ച് വിജയിച്ച മോഡലുകൾ പ്രകാരമാണ് പദ്ധതിയുടെ നടത്തിപ്പ്. പുരപ്പുറ പദ്ധതിയിലൂടെ 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വമ്പൻ പദ്ധതിയാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് കേന്ദ്ര സർക്കാർ സബ്സിഡിയും വായ്പയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ പലിശയിളവും ലഭിക്കും. ആദ്യ ഘട്ടത്തിൽ 25,000 വീടുകളിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നത്. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാർ നിർദേശ പ്രകാരം തിരുവനന്തപുരം കോർപ്പറേഷന്‍റെയും സംസ്ഥാന ഊർജ സംരക്ഷണ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്ളാറ്റുകളുടെ പൊതുസ്ഥലത്തെ ഉപയോഗത്തിനായി 500 കിലോവാട്ട് വരെയുള്ള നിലയങ്ങളും പദ്ധതിപ്രകാരം സ്ഥാപിക്കാം. സ്ഥാപിച്ച നിലയങ്ങളുടെ സ്ഥിരം പരിപാലനത്തിന് ഊർജമിത്ര എന്ന പേരിൽ പ്രത്യേക സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

അടുത്ത ഘട്ടങ്ങളിൽ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കും. 2030-ഓടെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. തലസ്ഥാന നഗരത്തിൽ നാല് ലക്ഷം കെട്ടിടങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ വീട് / ഫ്ലാറ്റുകൾക്ക് രണ്ട് മുതൽ 10 കിലോവാട്ട് വരെയുള്ള സൗരോർജ പാനലുകളാണ് സ്ഥാപിക്കുന്നത്. ഇതിന്‍റെ പരമാവധി ഉപയോഗിച്ചാലും 800 മെഗാവാട്ടിലേക്കെത്തില്ലെന്ന് വിദഗ്ധർ‌ ചൂണ്ടിക്കാട്ടുന്നു. ബാക്കി നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളുപയോഗിച്ചോ ജല സംഭരണികളടക്കമുള്ളവയിൽ പാനലുകൾ സ്ഥാപിച്ചോ ലക്ഷ്യം പൂർത്തീകരിക്കും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ 125 കോടി ഉപയോഗിച്ച് നഗരത്തിലെ 516 സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും സൗരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് 16.6 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക.സബ്സിഡി കഴിഞ്ഞുള്ള മുതൽമുടക്കിന് വായ്പ ആവശ്യമാണെങ്കിൽ അനർട്ട് ബാങ്കുകൾ വഴി ഇതു സാധ്യമാക്കും. സാധാരണ ഒരു കുടുംബത്തിന് മൂന്ന് വർഷംകൊണ്ട് വൈദ്യുതിച്ചെലവ് ഇല്ലാതാക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അനർട്ട് അധികൃതർ പറയുന്നു. മൂന്ന് വർഷംകൊണ്ട് വായ്പ അടച്ച് തീർത്താൽ പിന്നെ വൈദ്യുതിക്കായി പണം ചെലവഴിക്കേണ്ടിവരില്ല. ഉപയോഗത്തേക്കാൾ ഉത്പാദനം കൂടുതലാണെങ്കിൽ കെഎസ്ഇബിയിൽ നിന്ന് പണം തിരികെ ലഭിക്കും. ഇതിനായി സാധാരണക്കാർക്കും ഉദ്യോഗസ്ഥർക്കും അനുയോജ്യമായ വായ്പാ പദ്ധതിയും അനർട്ട് തയ്യാറാക്കി.

40 ശതമാനംവരെ കേന്ദ്ര സബ്‌സിഡി, അഞ്ച് ശതമാനം വരെ പലിശയിളവിൽ ബാങ്ക് വായ്പ, ബാങ്ക് വായ്പ ടോപ്പ് അപ്പ് സൗകര്യം എന്നിവ അനർട്ടിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലയങ്ങൾ സ്ഥാപിക്കുന്ന ചില കമ്പനികളും ഇളവുകൾ നൽകുന്നുണ്ട്. മൂന്ന് കിലോവാട്ടിന്‍റെ സൗരോർജ നിലയം സ്ഥാപിക്കാൻ 1,80,000 രൂപയാണ് മൊത്തം ചെലവ്. ഇതിൽ 45,000 രൂപ സബ്സിഡിയാണ്.ബാക്കി തുകയുടെ 80 ശതമാനം ബാങ്ക് വായ്പ ലഭിക്കും. 17,000 രൂപ (20 ശതമാനം) ഗുണഭോക്താവ് ആദ്യം അടച്ചാൽ മതിയാകും. പലിശയുടെ അഞ്ച് ശതമാനം സബ്‌സിഡി ലഭിക്കും.

(കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188119415, 9188119431).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com