ശ്വാസം വിടാൻ ഇടമില്ലാതെ കേരളത്തിലെ ഏറ്റവും വലിയ ജംക്‌ഷൻ

വൈറ്റിലയിൽ മേൽപ്പാലം വന്നപ്പോൾ ഗതാഗതക്കുരുക്ക് കൂടി, ആസൂത്രണത്തിലെ പിഴവെന്ന് ആരോപണം; പരിഹാര നടപടികളും പാളുന്നു.
വൈറ്റില ജംക്ഷൻ
വൈറ്റില ജംക്ഷൻMetro Vaartha

സാംസൺ അറയ്ക്കൽ

മരട്: കേരളത്തിലെ ഏറ്റവും വലിയ ജംക്‌ഷൻ എന്നറിയപ്പെടുന്ന വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ മേൽപ്പാലം നിർമിക്കുന്നത്. എന്നാൽ, പാലം വന്നതോടെ കുരുക്ക് കൂടുതൽ മുറുകിയതാണ് അനുഭവം. മേൽപ്പാലത്തിന്‍റെ രൂപരേഖ പുറത്തുവന്ന സമയത്തു തന്നെ ഇതു ഫലപ്രദമാകില്ലെന്ന് അഭിപ്രായമുയർന്നിരുന്നതാണ്.

എന്നാൽ, അതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടു പോയ അധികൃതർക്കു മുന്നിൽ ഇപ്പോൾ തിരക്കു കൊണ്ട് വീർപ്പുമുട്ടുന്ന ജംക്‌ഷൻ ആസൂത്രണപ്പിഴവിന്‍റെ ഉത്തമ ഉദാഹരണമായുണ്ട്. നിരവധി യോഗങ്ങള്‍ക്കൊടുവില്‍ തീരുമാനമെടുത്ത ജംക്‌ഷന്‍ വികസനം പോലും കടലാസിലൊതുങ്ങിയ അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുറമെ പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ, കൊച്ചി മേയര്‍, ജില്ലാ കലക്റ്റര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വിവിധ യോഗങ്ങളാണ് ജംക്‌ഷന്‍ വികസനത്തിനായി വൈറ്റിലയില്‍ വിളിച്ചു ചേര്‍ത്തത്.

പഠനവും റിപ്പോര്‍ട്ട് സമര്‍പ്പിക്കലുമെല്ലാം നടന്നെങ്കിലും വികസനം മാത്രം പ്രാവര്‍ത്തികമായില്ല. ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാനായി കുറെ ട്രാഫിക് പരിഷ്കാരങ്ങള്‍ മാത്രം നടപ്പാക്കി. എന്നാലിപ്പോള്‍ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രാത്രിയായാല്‍ ഇരുട്ടും മാത്രം. കുരുക്ക് പതിവായതോടെ രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ വൈറ്റിലയിലെത്തുമ്പോള്‍ മുന്നോട്ട് നീങ്ങാനാകാതെ സൈറണ്‍ മുഴക്കി കിടക്കുന്നത് പതിവ് കാഴ്ചയായി.

വൈറ്റില മേല്‍പ്പാലം തുറന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് മന്ത്രിയും ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രിയെയും പ്രശ്നപരിഹാരത്തിന് ഏല്‍പ്പിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പാലാരിവട്ടത്തു നിന്നു വരുന്ന ബസുകള്‍ മൊബിലിറ്റി ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് എടുക്കുന്നതിനായി ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കണമെന്നു നേരത്തെ തീരുമാനമുണ്ടായിരുന്നതാണ്. മീഡിയനുകളുടെ വലുപ്പം കുറച്ചു ജംഗ്ഷനില്‍ നിന്നു നാലു ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് യഥേഷ്ടം പോകുന്നതിനുള്ള നടപടികളും ആലോചിച്ചിരുന്നു.

എന്നാൽ, ഇപ്പോഴും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നിര ചിലവന്നൂര്‍ പാലം വരെയും, തൃപ്പൂണിത്തുറ റോഡില്‍ തൈക്കൂടം വരെയും നീളുന്നത് ഇപ്പോൾ പതിവാണ്. ഇതുമൂലം വൈറ്റില, പൊന്നുരുന്നി, തൈക്കൂടം, ചളിക്കവട്ടം എന്നീ പ്രദേശത്തെ ജനങ്ങളും ബുദ്ധിമുട്ടുകയാണ്. വൈറ്റില മേല്‍പ്പാലത്തിന്‍റെ രൂപരേഖയിലെ പോരായ്മയാണ് ജംക്‌ഷനിലെ ദുരിതങ്ങള്‍ക്ക് കാരണമായതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com