കരുമാല്ലൂർ - കുന്നുകര കുടിവെള്ള പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി

പദ്ധതി തുക 51.30 കോടി; ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് | കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്നത് 269 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ
കരുമാല്ലൂർ - കുന്നുകര കുടിവെള്ള പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി

കളമശേരി: കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും എന്ന് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചു. അടങ്കൽ തുക 51.30 കോടി ആയി ഉയർത്തിയാണ് കിഫ്ബി സാമ്പത്തികാനുമതി നൽകിയത്. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് വാട്ടർ അഥോറിറ്റി തയാറാക്കി സമർപ്പിച്ചിരുന്നു.

വ്യവസായ മന്ത്രി പി. രാജീവ് കഴിഞ്ഞ വർഷം വിളിച്ചു ചേർത്ത യോഗത്തിന്‍റെ തീരുമാനപ്രകാരം പദ്ധതി ശേഷി 9 എം.എൽ.ഡിയിൽ നിന്ന് 20 എം.എൽ ഡി ആയി ഉയർത്തിയ സാഹചര്യത്തിലാണ് അടങ്കൽ തുക 36.50 കോടിയിൽ നിന്ന് ഉയർത്തിയത്. ഒന്നര വർഷത്തിനുളളിൽ കുടിവെള്ള പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കളമശേരി മണ്ഡലത്തിൽ ഒട്ടാകെ നടപ്പാക്കുന്നത് 269 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് പഞ്ചായത്തുകളിലായി 320 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വിതരണ ശൃംഖല വഴിയാണ് പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കുക. കരുമാല്ലൂരിൽ 190 കി.മീറ്ററും കുന്നുകരയിൽ 130 കി.മീറ്ററുമാണ് വിതരണ ശൃംഖലയുടെ ദൈർഘ്യം. കുന്നുകര പഞ്ചായത്തിലെ തടിക്കക്കടവ് പാലത്തിന് സമീപമുള്ള കായാട് ഡാം കടവിൽ പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചാണ് പെരിയാറിൽ നിന്ന് കുടിവെളള പദ്ധതിക്കാവശ്യമായ വെള്ളം ശേഖരിക്കുക. ഇവിടെ നിന്ന് 2007 മീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് മലായിക്കുന്നിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കും. 20 എം.എൽ ഡി ശേഷിയുള്ളതായിരിക്കും മലായിക്കുന്നിലെ പ്ളാന്‍റ്. 16131മീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ പദ്ധതിക്കായി സ്ഥാപിക്കും. പുതിയ പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയും സ്ഥാപിക്കും. രണ്ട് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും പദ്ധതി പൂർത്തിയാകുന്നതോടെ സുലഭമായി കുടിവെള്ളം ലഭിക്കം.

പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു. കുന്നുകര പഞ്ചായത്തിലെ മൂന്ന് സർവ്വേ നമ്പറുകളിൽ ആയി 86.5 സെന്‍റ് ഭൂമിയും കരുമാല്ലൂർ പഞ്ചായത്തിലെ 12 സെന്‍റ് സ്ഥലവുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് മാത്രമായി 2.40 കോടി രൂപ കിഫ്ബി ആദ്യം അനുവദിച്ചിരുന്നു.

ഇതു മതിയാകാതെ വന്നതിനെത്തുടർന്ന് 57.95 ലക്ഷം രൂപ കൂടി ഇതിനായി നൽകി. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി കിഫ്ബി സ്പെഷ്യൽ തഹസിൽദാർ വാട്ടർ അതോറിറ്റിക്ക് ഭൂമി കൈമാറിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ ഉൽപ്പാദന ഘടകങ്ങളായ കിണർ, ജല ശുദ്ധീകരണ ശാല, ജലസംഭരണികൾ എന്നിവ നിർമ്മിക്കുന്നതിന് ആണ് സ്വകാര്യ ഭൂമി ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം ജൂൺ 27നാണ് പദ്ധതിക്കായുള്ള മണ്ണ് പരിശോധന ആരംഭിച്ചത്. ഇത് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി സെപ്റ്റംബറിൽ സർവ്വേ ആരംഭിച്ചു. ഇതിനു തുടർച്ചയായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിക്കായി കുന്നുകര മലായിക്കുന്നിൽ നിർമ്മിക്കുന്ന 9 എം എൽ ഡി ജല ശുദ്ധീകരണശാലയുടെ ശേഷി ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് 20 എം.എൽ.ഡി ആയി ഉയർത്താൻ കഴിഞ്ഞ മാർച്ചിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്.

കരുമാല്ലൂർ, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന 197.2 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതി ഇതോടൊപ്പം പുരോഗമിക്കുകയാണ്. ഏലൂർ, കളമശ്ശേരി നഗരസഭകളിൽ നടപ്പാക്കുന്ന 18 കോടി രൂപയുടെ അമൃത് പദ്ധതിയും നിർവ്വഹണഘട്ടത്തിലാണ്. ഇതുൾപ്പെടെ 269 കോടി രൂപയുടെ വിവിധ പദ്ധതികളാണ് കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്നത്. കൂടാതെ എംഎൽഎ എ ഡി എസിൽ ഉൾപ്പെടുത്തി മുനിസിപ്പാലിറ്റിയിലെ വി.പി മരക്കാർ റോഡിലെ കുടിവെള്ള പൈപ്പിന്‍റെ വ്യാസം കൂട്ടി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1.30 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇവപൂർത്തിയാകുന്നതോടെ 2050 വരെയുള്ള കളമശേരി മണ്ഡലത്തിന്‍റെ കുടിവെള്ള ആവശ്യം പൂർണ്ണമായി നിറവേറ്റപ്പെടുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com