

ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം: നവംബർ 8, 9 തീയതികളിൽ തിരുമൂലപുരത്ത്
കോട്ടയം: ക്നാനായ യുവജന സമാജത്തിന്‍റെ നേതൃത്വത്തിലുള്ള ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം തിരുവല്ല തിരുമൂലപുരത്ത് നവംബർ 8നും 9നുമായി നടക്കും. തിരുമൂലപുരം എംഡിഎം കൺവൻഷൻ സെന്‍ററിൽ തയാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക. നവംബർ 8 ശനിയാഴ്ച വൈകിട്ട് 6ന് റാന്നിയിൽ നിന്നും കൊണ്ടു വരുന്ന പതാകയ്ക്കും, ചിങ്ങവനത്തു നിന്നും കൊണ്ടു വരുന്ന ഛായാചിത്രത്തിനും സമ്മേളന വേദിയിൽ സ്വീകരണം നൽകും. തുടർന്ന് പതാക ഉയർത്തൽ നടക്കും.
വൈകിട്ട് ആറരയ്ക്ക് കേന്ദ്ര പ്രതിനിധി സമ്മേളനം നടക്കും. നവംബർ 9ന് രാവിലെ വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6.30ന് പ്രഭാത പ്രാർഥന, 7ന് കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എംഡിഎം കൺവൻഷൻ സെന്‍ററിൽ കലാമത്സരങ്ങൾ. ഉച്ചയ്ക്ക് 2ന് വനിതാ സമ്മേളനം നടക്കും. 3ന് വിശ്വാസ സംരക്ഷണ പ്രതിജ്ഞയും തുടർന്ന് വിശിഷ്ടാതിഥികളെ തിരുമൂലപുരം ജങ്ഷനിൽ നിന്ന് സമ്മേളന വേദിയിലേയ്ക്ക് ഘോഷയാത്രയായി സ്വീകരിക്കും. 3.30ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം നടക്കും.
പാർത്രിയർക്കീസ് ബാവായുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആൻഡ് ക്രിസ്ത്യൻ എഡ്യുക്കേഷൻ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രൂസ് ഭായ് അനുഗ്രഹ പ്രഭാഷണം നടത്തും. ഇതര സമുദായത്തിലെ മെത്രാപ്പോലീത്താമാരും വൈദികരും പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് 7ന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനത്തിന്‍റെ ഭാഗമായി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ഇതിന്‍റെ ഭാഗമായി സഭാ ചരിത്രം ചിത്രങ്ങളിലൂടെ എന്ന ചിത്രപ്രദർശനവും അരങ്ങേറും. സമാജം ബുക്ക് ഫെയർ 2025 ഉം പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഇതിനോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർക്കും, രണ്ട് ദശാബ്ദ കാലത്തിലധികം വൈദിക ശുശ്രൂഷ നടത്തിയ വൈദികരെയും മദ്ബഹാ ശുശ്രൂഷകരെയും, സഭാ അംഗങ്ങളായ ഗ്രന്ഥകർത്താക്കളെയും യോഗത്തിൽ ആദരിക്കും.
സഭയുടെ സത്യവിശ്വാസങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സമുദായത്തിൽ നടക്കുന്നതായും ഇതിന് സമുദായ നേതൃത്വത്തിലുള്ള ചിലരുടെ പിന്തുണ ഉള്ളതായും കാണുന്നതായും ഇത്തരം നീക്കങ്ങൾ സമുദായത്തിന്‍റെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ ഇതിനെതിരായുള്ള ചെറുത്തുനിൽപ്പിന്‍റെ ഭാഗമായാണ് തിരുമൂലപുരത്ത് വിശ്വാസ സംരക്ഷണ സംഗമം നടത്തുന്നതെന്ന് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയ്ക്കു വേണ്ടി ക്നാനായ സമുദായ മേഖലാ മെത്രാപ്പോലീത്തന്മാരായ കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാർ ഇവാനിയോസ്, ഫാ.ജിബി പ്ലാന്തോട്ടം, മുൻ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറയിൽ, ട്രസ്റ്റി കെ.കെ. കുരുവിള കേളചന്ദ്ര, അസോസിയേഷൻ അംഗം ടിനു എബ്രഹാം തോട്ടുപുറത്ത്, റെജി പഴയ പീടികയിൽ എന്നിവർ അറിയിച്ചു.
ക്നാനായ സമുദായം പരിശുദ്ധ ആകമാന സുറിയാനി സഭയുടെ ഭാഗമായി തന്നെ തുടരുക, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായി ക്നാനായ സമുദായത്തിനുള്ള ബന്ധവും വിധേയത്വവും മാറ്റമില്ലാതെ തുടരുക, സമുദായത്തിലും വിവിധ പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന വിഭാഗീയത അവസാനിപ്പിക്കുക, സമുദായത്തിന്‍റെ സമസ്ത മേഖലകളിലും സമാധാനവും സൗഹൃദവും സ്നേഹവും പുനസ്ഥാപിക്കുക, കേസുകൾ കൊടുത്തിട്ടുള്ള എല്ലാം കക്ഷികളും അവ പിൻവലിക്കുക, വൈദികരുടെ ഇടവകയിലെ പ്രവർത്തനങ്ങൾ ആറുമാസത്തിലൊരിക്കൽ നിരീക്ഷിക്കു, ആവശ്യമെങ്കിൽ വേണ്ട നിർദേശങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കുക, പാത്രിയർക്കീസ് ബാവയെയും മെത്രാപ്പോലീത്താമാരെയും വൈദികരെയും അപകീർത്തിപ്പെടുത്തുന്നവരുടെ മേൽ നിയമാനുസരണമായ നടപടികൾ സ്വീകരിക്കുക, സുവിശേഷ സമാജത്തിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുക, വൈദികർക്കും, ശുശ്രൂഷകർക്കും, സുവിശേഷകർക്കും നൽകുന്ന അലവൻസുകൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമം മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും ഭാരവാഹികൾ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.