

പുതിയ മാതൃകയിൽ യുഐഡിഎഐ നടത്തുന്ന ആദ്യത്തെ ആധാർ സേവാ കേന്ദ്രമായിരിക്കും ഇത്.
representative image
കൊച്ചി: യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ പുതിയ ആധാർ സേവാ കേന്ദ്രം (എഎസ്‌കെ) എറണാകുളത്തെ കച്ചേരിപ്പടിയിൽ ആരംഭിക്കുന്നു. 2025 ഡിസംബർ 20-ന് രാവിലെ 10 മണിക്ക് എറണാകുളം ജില്ലാ കളക്റ്റർ പ്രിയങ്ക ജി. സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
അപ്പോയിൻമെന്‍റിന്‍റെയും, പോർട്ടലിന്‍റെയും (ആദ്യ ടോക്കൺ വിതരണം) ഉദ്ഘാടനം യുഐഡിഎഐ എൻറോൾമെന്‍റ് & അപ്‌ഡേറ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ ശൈലേന്ദ്ര സിംഗ് നിർവഹിക്കും. വെരിഫയർ കൗണ്ടർ യുഐഡിഎഐ ബെംഗളൂരു റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ ആനി ജോയ്‌സി വി. ഉദ്ഘാടനം ചെയ്യും.
കാഷ്യർ കൗണ്ടറിന് കേരള സംസ്ഥാന ഐടി മിഷൻ ഡയറക്റ്റർ സന്ദീപ് കുമാറും, ആധാർ പ്രവർത്തനങ്ങൾക്ക് യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് ഡയറക്റ്റർ വിനോദ് ജേക്കബ് ജോണും തുടക്കം കുറിക്കും.
കച്ചേരിപ്പടി ആദായനികുതി ഓഫീസിന് സമീപം പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ കൊച്ചേരി ചേംബേഴ്സിലാണ് ആധാർ സേവാ കേന്ദ്രം ആരംഭിക്കുന്നത്.
പുതിയ മാതൃകയിൽ യുഐഡിഎഐ നടത്തുന്ന ആദ്യത്തെ ആധാർ സേവാ കേന്ദ്രമാണിത്. എറണാകുളത്ത് ജനസാന്ദ്രത, ദ്രുതഗതിയിലുള്ള നഗര വളർച്ച, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിസിനസ് കേന്ദ്രങ്ങളുടെയും കേന്ദ്രീകരണം എന്നിവ കണക്കിലെടുത്താണ് പുതിയ സേവാ കേന്ദ്രം ആരംഭിക്കുന്നത്. പുതിയ എഎസ്‌കെ മറ്റ് സേവന കേന്ദ്രങ്ങളിലെ ജോലിഭാരം ലഘൂകരിക്കുകയും യുഐഡിഎഐ നേരിട്ട് കൈകാര്യം ചെയ്യുന്ന സമർപ്പിതവും ഫലപ്രദവുമായ പരാതി പരിഹാര സൗകര്യം നൽകുകയും ചെയ്യും.