അംഗവിച്ഛേദം ഒഴിവാക്കാൻ സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

പാദരോഗങ്ങളുമായി ബന്ധപ്പെട്ട് എൻഡോക്രൈനോളജി, പൊഡിയാട്രി, ഇന്‍റർവെൻഷനൽ റേഡിയോളജി വിദഗ്ധരുടെ സേവനം ഉറപ്പാക്കുന്ന പൊഡിയാട്രി ഡയഗ്നോസ്റ്റിക് ലാബ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു
അംഗവിച്ഛേദം ഒഴിവാക്കാൻ സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: പ്രമേഹവും മറ്റു രോഗങ്ങളും മൂലം അംഗവിച്ഛേദം നടത്തേണ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ക്യാമ്പയിന്‍റെ ഭാഗമായി പാദരോഗങ്ങൾക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പൊഡിയാട്രി ഡയഗ്നോസ്റ്റിക് ലാബും ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.

പാദ രോഗങ്ങളെ തുടർന്ന് അംഗവിച്ഛേദം ചെയ്യുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സേവ് യുവർ ലിംബ് ക്യാമ്പയിൻ നടപ്പാക്കുന്നത്. പ്രമേഹ രോഗികളിൽ ഉൾപ്പെടെ കൈകാലുകൾ നഷ്ടപ്പെടുന്നത് തടയാനുള്ള മാർഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനായി നേരത്തെ മുതൽ നടത്തേണ്ട ഇടപെടലുകൾ, വിവിധ വിഭാഗങ്ങളുമായി ചേർന്ന് നടത്തുന്ന ചികിത്സയുടെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, രോഗിക്ക് കൃത്യമായ പരിജ്ഞാനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ റിപ്പോർട്ട് പ്രകാരം അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ അംഗവിച്ഛേദം ചെയ്ത നിലയിൽ ജീവിക്കുന്നത്. പ്രതിവർഷം 25,000 മുതൽ 35,000 വരെ ആളുകളിൽ അംഗവിച്ഛേദം നടത്തേണ്ടി വരുന്നുണ്ട്. ഇതിൽ 60 ശതമാനത്തിലധികവും പ്രമേഹം മൂലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപകടങ്ങളെ തുടർന്നും കാൻസർ മുഴകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും അവയങ്ങൾ നഷ്ടമായതും നിരവധി പേർക്കാണ്. 25 മുതൽ 30 ശതമാനം വരെ പ്രമേഹ രോഗികളും കാൽപാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം കൃത്യമായ ചികിത്സകൾ തേടാത്തതിനാൽ 20 ശതമാനം പേരിലും അംഗവിച്ഛേദം നടത്തേണ്ടി വന്നേക്കാമെന്നും ആസ്റ്റർ മെഡ്‌സിറ്റിയിലെ എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ആർ. വി ജയകുമാർ പറഞ്ഞു.

ഇത്തരം കണക്കുകളുടെ പശ്ചാത്തലത്തിൽ അംഗവിച്ഛേദനത്തിനുള്ള മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും കൈകാലുകൾ സംരക്ഷിക്കുന്നതിനുമായി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് വലിയ പ്രവർത്തനങ്ങളാണെന്നും, പൊഡിയാട്രിക് ലാബിൽ എൻഡോക്രൈനോളജി സേവനങ്ങൾ ഉൾപ്പെടുത്തുന്നത് വഴി പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നും എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. വി.പി വിപിൻ പറഞ്ഞു.

വാസ്കുലാർ, ന്യൂറോളജിക്കൽ, ഫുട്ട് പ്രഷർ മെഷർമെന്‍റ്സ് ആൻഡ് അനാലിസിസ് ഉൾപ്പെടെയുള്ള ഏറ്റവും നൂതനമായ പാദ പരിശോധനകളാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ പൊഡിയാട്രി ലാബിൽ ഒരുക്കിയിട്ടുള്ളത്. രോഗ തീവ്രതയെ അടിസ്ഥാനമാക്കി ഔട്ട്പേഷ്യന്‍റ്, ഇൻപേഷ്യന്‍റ് ചികിത്സാ സൗകര്യങ്ങളോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. പൊഡിയാട്രി, പ്ലാസ്റ്റിക് സർജറി വിഭാഗം വിദഗ്ധർ മറ്റ് വിഭാഗങ്ങളിലെ വിദഗ്ധരുമായി ഏകോപിച്ചാണ് പരിശോധനയും ചികിത്സയും നൽകുന്നത്. അവയവങ്ങൾ മുറിച്ചുമാറ്റാതെ സംരക്ഷിക്കുന്നതിന് പുറമേ സുരക്ഷിതമായ കീഹോൾ ഡേ കെയർ പ്രക്രിയകൾ, ഹോം കെയർ സേവനങ്ങൾ, പാദങ്ങളിലെ അണുബാധയ്ക്കും അൾസറിനും ആധുനിക ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയ സേവനങ്ങളും പൊഡിയാട്രി ലാബിൽ ലഭ്യമാണ്.

കൃത്യമായ ഇടവേളകളിൽ ക്ലിനിക്കുകളിലെത്തി പരിശോധന നടത്തുന്നതും പെട്ടെന്ന് ചികിത്സ ആരംഭിക്കുന്നതും വലിയതോതിൽ ഗുണം ചെയ്യുമെന്നും പാദങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയുമെന്നും പൊഡിയാട്രി വിഭാഗം കൺസൾട്ടന്‍റ് ഡോ. വി അനന്തകൃഷ്ണ ഭട്ട് വ്യക്തമാക്കി.

രോഗനിർണയം നടത്തി നേരത്തെ തന്നെ ആൻജിയോപ്ലാസ്റ്റി നടത്തുന്നത് അവയവ നഷ്ടം ഒഴിവാക്കുന്നതിന് സഹായിക്കുമെന്നും ഇതുവഴി രോഗിയുടെ ജീവിത നിലവാരം ഉയർത്താനും ചലന ശേഷി സുഖമാക്കാനും കഴിയുമെന്നും ഇന്‍റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്‍റും എമ്പോളൈസേഷൻ സ്പെഷലിസ്റ്റുമായ ഡോ. രോഹിത് പി.വി. നായർ കൂട്ടിച്ചേർത്തു.

എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക് സർജറി & പൊഡിയാട്രി വിഭാഗം കൺസൾട്ടന്‍റ് ഡോ. വി. അനന്തകൃഷ്ണ ഭട്ട്, എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ആർ. വി ജയകുമാർ, കൺസൾട്ടന്‍റ്- എൻഡോക്രൈനോളജി ഡോ. വി.പി വിപിൻ, തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com