കൊച്ചി ബിനാലെ പ്രതിസന്ധിയിൽ; പ്രധാന വേദി നഷ്ടപ്പെടും

ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ ഹൗസ് തീര രക്ഷാ സേന ഏറ്റെടുക്കുന്നു. ഇതോടെ ഈ വർഷം നടക്കേണ്ട കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് പ്രതിസന്ധിയിലാകും.
കൊച്ചി ബിനാലെ പ്രതിസന്ധിയിൽ; പ്രധാന വേദി നഷ്ടപ്പെടും
ആസ്പിൻവാൾFile

മട്ടാഞ്ചേരി: കൊച്ചി ബിനാലെയുടെ മുഖ്യ വേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ ഹൗസ് തീര രക്ഷാ സേന ഏറ്റെടുക്കുന്നു. ഇതോടെ ഈ വർഷം നടക്കേണ്ട കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് പ്രതിസന്ധിയിലാകും. റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻമാരായ ഡിഎൽഎഫിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇന്ത്യൻ തീര രക്ഷാ സേനയ്ക്കു കൈമാറിയത്.

ഇതിനോടു ചേർന്ന് 1.29 ഏക്കർ സർക്കാർ ഭൂമിയുണ്ട്. കൈമാറ്റത്തിന്‍റെ ഭാഗമായി ഡിഎൽഎഫ് ഭൂമി അതിരു കെട്ടി തിരിച്ചിട്ടുണ്ട്. കൊച്ചി തീരത്തെ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീര രക്ഷാസേന ഭൂമി വാങ്ങുന്നത്. നേരത്തേ പ്രദേശത്ത് വേറെയും ഭൂമി വാങ്ങിയിരുന്നു.

2018ൽ ബിനാലെയ്ക്ക് സ്ഥിരം വേദിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചി ബിനാലെ അടുത്ത വർഷം നടത്തുമെന്നാണ് സംഘാടകർ പറയുന്നത്. ആസ്പിൻ വാൾ കെട്ടിടം കോസ്റ്റ് ഗാർഡ് വാങ്ങുന്നത് കൊച്ചിയിലെ സാംസ്കാരിക ടൂറിസം രംഗത്തിന് കനത്ത നഷ്ടമായി മാറുമെന്നും, ബിനാലെ കൊച്ചിയിൽ തുടരുന്നതിനു വേണ്ടുന്ന സൗകര്യങ്ങൾ സജ്ജമാക്കാൻ ഇടപെട്ട് പ്രവർത്തിക്കുമെന്നും കെ.ജെ. മാക്സി എംഎൽഎ പറഞ്ഞു.

2012ൽ തുടക്കം കുറിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷനാണ് ഈ വർഷം നടക്കേണ്ടത്. ഇന്ത്യയിലെ ഒന്നാം നിര അന്താരാഷ്‌ട്ര കലാപ്രദർശനമേളയായ ബിനാലെ വിദേശികളടക്കം ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നതാണ്.

വെനീസ് ബിനാലെ മാതൃകയിൽ 2012 ഡിസംബർ 12ന് തുടങ്ങി രണ്ടു വർഷത്തെ ഇടവേളയിലാണ് വൈവിധ്യമാർന്ന ഇൻസ്റ്റലേഷനുകൾ ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇൻസ്റ്റലേഷനുകൾ കൂടാതെ, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സിനിമ, ശിൽപ്പം, പെയ്ന്‍റിങ്, നവമാധ്യമങ്ങൾ, പ്രകടന കലകൾ എന്നിവയും പ്രദർശനത്തിനുണ്ടാകാറുണ്ട്.

2012ൽ 14 ഗാലറികളിലായി തുടങ്ങിയ ബിനാലെയിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ഇതിനകം നാനൂറിലധികം കലാ പ്രവർത്തകരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ശരാശരി 20 കോടി രൂപയാണ് ബിനാലെ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്നത്. ഇതിൽ അഞ്ച് കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം. ഇതിനിടെ ബിനാലെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.