കൊച്ചി നഗരത്തിന്‍റെ രാത്രി ദൃശ്യം.
കൊച്ചി നഗരത്തിന്‍റെ രാത്രി ദൃശ്യം.

അതിവേഗ വികസനം ലക്ഷ്യമിട്ട് കൊച്ചി നഗരസഭ

വൈറ്റില, എളംകുളം, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളും അനുബന്ധ ഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് ട്രാന്‍സിസ്റ്റ് ഓറിയന്‍റ് ഡെവലപ്മെന്‍റ് സംവിധാനം രൂപപ്പെടുത്തും

കൊച്ചി: അതിവേഗമുള്ള നഗരവളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങളും ആസൂത്രണവും ലക്ഷ്യമാക്കി കൊച്ചി കോര്‍പ്പറേഷന്‍ 120 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. 12,0.19കോടി രൂപ വരവും 11,55,63,69,600 രൂപ ചിലവും 46,30,46,691 കോടി രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് കൗണ്‍സിലിന്‍റെ മേശപ്പുറത്ത് വെച്ചത്.

വൈറ്റില, എളംകുളം, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളും അനുബന്ധ ഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് ട്രാന്‍സിസ്റ്റ് ഓറിയന്‍റ് ഡെവലപ്മെന്‍റ് സംവിധാനം രൂപപ്പെടുത്തും. നഗര വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ അഹമ്മദാബാദിലെ സെപ്റ്റ് യൂണിവേഴ്സിറ്റി, മലയാളികളായ നഗരാസൂത്രണ വിദഗ്ദ്ധര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയുമായി സഹകരിക്കും. രണ്ടരക്കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

വേള്‍ഡ് അര്‍ബന്‍ ഫോറത്തിന്‍റെ മാതൃകയില്‍ കേരള അര്‍ബന്‍ ഫോറം നഗരസഭാ മുന്‍കൈയെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും കൊച്ചിയിൽ സംഘടിപ്പിക്കും. സര്‍ക്കാര്‍ സഹായത്തോടെ 20 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സിറ്റിസണ്‍സ് ഡയലോഗ് സീരീസ് എന്ന പേരില്‍ മീറ്റുകള്‍ സംഘടിപ്പിക്കും. 25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.

അതിദരിദ്രരില്ലാത്ത നഗരമായി കൊച്ചിയെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. വിശപ്പ് രഹതി പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ വീട്ടില്‍ ഭക്ഷണം എത്തിക്കും. തമ്മനം ശാന്തിപുരം കോളനിയിലെ197 കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യും. നഗരത്തിലെ എല്ലാ കോളനികളും നവീകരിക്കും. ഇതിനായി അഞ്ച് കോടി രൂപ ലഭ്യമാക്കും.

അഞ്ചുമനയിലെ നഗരസഭയുടെ ഇടപ്പള്ളി സോണല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കും. ഇതിനായി അഞ്ചു കോടി വകയിരുത്തി. വൈറ്റിലയില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കും. ഈ ബഹുനില കെട്ടിട സമുച്ചയത്തിനായി രണ്ടു കോടി രൂപ ചെലവഴിക്കും. പള്ളുരുത്തിയില്‍ എല്ലാ സൗകര്യങ്ങളും കൂടിയുള്ള ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിയും. 50 ലക്ഷം ചെലവഴിക്കും.

സാംസ്കാരിക മേഖലയ്ക്ക് തിയെറ്റര്‍ മോഡല്‍ കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി, 150 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറിയുടെ സഹകരണത്തോടെ 73 കോടി രൂപയുടെ പദ്ധതി, ആദ്യഘട്ടം 75 ടണ്‍ മാലിന്യസംസ്കരണ പ്ലാന്‍റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാവും. നിലവിലെ ബ്രഹ്മപുരത്തെ പ്ലാന്‍റില്‍ 50 ടണ്‍ മാലിന്യം സംസ്കരിക്കുന്ന വിന്‍ട്രോ കമ്പോസ്റ്റ് പ്ലാന്‍റ് 1.5 കോടി ചെലവഴിക്കും.