
ജിബി സദാശിവന്‍
കൊച്ചി: ദേശീയ പാത 66 ബൈപാസിലെ ഇടപ്പള്ളി - അരൂര്‍ റീച്ചിലെ ആകാശപാതയുടെ ഡിപിആര്‍ ഡിസംബറോടെ തയാറാക്കാനിരിക്കെ പദ്ധതി അനിശ്ചിതത്വത്തിലായി. സംസ്ഥാന സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കാണ് നടപടികള്‍ വൈകിപ്പിക്കുന്നത്. ഭാരത്‌മാല പദ്ധതിയില്‍ പെടുത്തി ആകാശപ്പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ദേശീയ പാത അതോറിറ്റി കുറ്റപ്പെടുത്തുന്നു. കുണ്ടന്നൂര്‍ - അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസിനെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ചും നിര്‍മാണ വസ്തുക്കളുടെ റോയല്‍റ്റി ഒഴിവാക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചു.
കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാത സ്ട്രെച്ചാണ് ഇടപ്പള്ളി - അരൂര്‍ പാത. പ്രതിദിനം ഒരു ലക്ഷം പാസഞ്ചര്‍ കാര്‍ യൂണിറ്റുകളാണ് (പി സി യു) ഈ പാത ഉപയോഗിക്കുന്നത്. കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ തിരുവനന്തപുരം - കാസര്‍ഗോഡ് ദേശീയപാത വികസനം പൂര്‍ത്തിയാക്കി പുതിയ പാത 2025 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനിരിക്കെ ഇടപ്പള്ളി- അരൂര്‍ പാത അനിശ്ചിതത്വത്തിലായത് പദ്ധതി നഷ്ടപ്പെടുത്തിയേക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
ജിഎസ്‌ടിയും റോയല്‍റ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഡി പിആര്‍ തയാറയി കഴിഞ്ഞാലുടന്‍ ആകാശപാത പദ്ധതി ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. ദേശീയ പാത 66 വികസനവുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളില്‍ നിന്ന് വിഭിന്നമായി ഇടപ്പള്ളി - അരൂര്‍ പാതയില്‍ വളരെ ചുരുങ്ങിയ സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. നാല് പ്രധാന ജംഗ്ഷനുകളുടെ വികസനത്തിനായി മാത്രമേ കാര്യമായ സ്ഥലമേറ്റെടുക്കല്‍ വേണ്ടി വരൂ. നിലവിലെ ഫ്ളൈ ഓവറുകള്‍ക്ക് സമാന്തരമായിട്ടായിരിക്കും ആകാശ പാത നിര്‍മിക്കുക.
നാറ്റ് പാക് പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ജംഗ്ഷനുകളുടെ വികസനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. അരൂര്‍ - തുറവൂര്‍ 13 കിലോമീറ്റര്‍ എലിവേറ്റഡ് കോറിഡോറുമായി ആകാശ പാത ബന്ധിപ്പിക്കുന്ന തരത്തിലാണ് നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 2026 ലാണ് അരൂര്‍- തുറവൂര്‍ പാത കമ്മീഷന്‍ ചെയ്യുക.