കൊച്ചി: കൊച്ചി മെട്രൊ റെയിൽ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ നിർമാണ നവീകരണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയുടെ നവീകരണം അടുത്ത മാസത്തോടെ പൂർത്തിയാകും. നിലവിൽ പാലാരിവട്ടം മുതൽ ചെമ്പ് മുക്ക് വരെയുള്ള ഭാഗത്ത് ഡക്റ്റ്, ഡ്രെയിന്‍ വർക്കുകൾ 90 ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്. റോഡ് വീതി കൂട്ടുന്നത് അടക്കമുള്ള ജോലികളും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുന്ന ഒരു മാസത്തിനുള്ളിൽ പാലാരിവട്ടം മുതൽ ചെമ്പ്മുക്ക് വരെയുള്ള പാതയുടെ നവീകരണം പൂർത്തീകരിക്കാമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. പിങ്ക് ലൈൻ എന്ന് വിശേഷിപ്പിക്കുന്ന കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിലെ കാക്കനാട് സ്റ്റേഷന്‍റെ പൈലിങിന് മുന്നോടിയായുള്ള പ്രവർത്തികളും വേഗത്തിൽ നടന്നു വരികയാണ്. കൊച്ചി സെസ് സ്റ്റേഷന്‍റെ പുറത്തേക്ക് പോകാനുള്ള ഭാഗത്തിന്‍റെയും പ്രവേശന ഭാഗത്തിന്‍റെയും പൈലിങ് വർക്കുകൾ പൂർത്തിയായിട്ടുണ്ട്.
തൊട്ടടുത്ത സ്റ്റേഷനുകളായ കിൻഫ്ര, ഇൻഫോ പാർക്ക്, ചിറ്റേത്തുകര തുടങ്ങിയവയുടെ പ്രവേശനഭാഗത്തെയും പുറത്തേക്കിറങ്ങാനുള്ള ഭാഗത്തെയും പൈലിങ് നടത്താൻ അനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മറ്റ് സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് നിശ്ചയിക്കാനുള്ള വിജ്ഞാപനവും വന്നു.
2 0 മാസം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രൊ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്നതാണ് കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടം. നിർമാണം മുഴുവനായും പൂർത്തിയാക്കി 2025 ൽ കാക്കാനാടേക്ക് മെട്രൊ സർവീസ് നടത്താനാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.