കൊച്ചി മെട്രൊ പിങ്ക് ലൈൻ നിർമാണം മാർച്ചിൽ തുടങ്ങും

രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡറുകളിൽ ഉടൻ തീരുമാനമെടുക്കും. 24 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കൊച്ചി മെട്രൊ റെയിലിന്‍റെ നിർദിഷ്ട രണ്ടാം ഘട്ടമായ പിങ്ക് ലൈൻ കടന്നു പോകുന്ന റൂട്ട്.
കൊച്ചി മെട്രൊ റെയിലിന്‍റെ നിർദിഷ്ട രണ്ടാം ഘട്ടമായ പിങ്ക് ലൈൻ കടന്നു പോകുന്ന റൂട്ട്.

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ മാർച്ചോടെ ആരംഭിക്കാൻ കെഎംആർഎൽ തയാറെടുക്കുന്നു. നിർമാണ കരാറുകാരെ നിശ്ചയിക്കുന്നതിന്, ടെൻഡറുകളിൽ ഉടൻ തീരുമാനമെടുക്കും.

പദ്ധതിയുടെ രണ്ടാംഘട്ടം റൂട്ടിൽ റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള മുന്നൊരുക്ക ജോലികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പാലാരിവട്ടം മുതൽ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജെഎൽഎൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിട്ടിരുന്നു. എന്നാൽ തടസങ്ങൾ നീങ്ങിയതോടെ സ്ഥലമേറ്റെടുക്കൽ നടപടിയും ആരംഭിച്ചിട്ടുണ്ട്.

കൊച്ചിൻ സെസ് മെട്രോ സ്റ്റേഷനിൽ പ്രവേശന കവാടത്തിന്‍റെയും പുറത്തേക്കിറങ്ങുന്ന ഭാഗത്തിന്‍റെയും പൈലിങ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. കിൻഫ്ര സ്റ്റേഷനിലും സ്റ്റേഷൻ പൈലിങ് ജോലികൾ അടുത്തയാഴ്ച തുടങ്ങും. ഇൻഫോപാർക്ക് സ്റ്റേഷനിലും എൻട്രി - എക്‌സിറ്റ് ഭാഗത്തിന്‍റെ ജോലികൾ ഉടൻ തുടങ്ങും. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കാനാട് വരെയുള്ള റൂട്ടിലെ മെട്രോ ലൈൻ നിർമാണം വരുന്ന 24 മാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

കേരള ബജറ്റിൽ രണ്ടാം ഘട്ടം മെട്രോ ലൈൻ നിർമാണത്തിനായി 239 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടാതെ വിദേശ വായ്പാ സഹായവും ലഭിക്കും. മെട്രൊ പാതയ്ക്ക് അനുബന്ധമായി സുരക്ഷിത നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും ഏർപ്പെടുത്തും.

യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 91 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.