കൊച്ചി മെട്രൊ സേഫ്; 5 വർഷത്തിനിടെ കേസുകൾ വെറും 49

കുറ്റകൃത്യങ്ങളിൽ കൊച്ചി മെട്രൊ മാതൃക; അഞ്ച് വർഷത്തെ കണക്ക് 49 മാത്രം

ജിബി സദാശിവൻ

കൊച്ചി: കൊച്ചി നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും സമ്പൂർണ സുരക്ഷയുടെ കുടക്കീഴിൽ കൊച്ചി മെട്രൊ. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ പോക്കറ്റടി, ലഹരിക്കടത്ത്, ലൈംഗിക പീഡനം തടുങ്ങിയ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴാണ് കൊച്ചി മെട്രൊ ഇക്കാര്യത്തിൽ മാതൃകയാകുന്നത്‌. അഞ്ച് വർഷത്തിനിടെ 49 കേസുകൾ മാത്രമാണ് മെട്രൊ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2019 ൽ കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിന് ശേഷം മെട്രൊയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മാത്രം കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചിരുന്നു. എന്നാൽ താരതമ്യേന വളരെ കുറച്ച് കുറ്റകൃത്യങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സംസ്ഥാന ക്രൈം റോക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 49 കേസുകൾ മാത്രമാണ് മെട്രൊ യാത്രക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ൽ എട്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് ആറായി കുറഞ്ഞു. 2020, 21 വർഷങ്ങളിലും വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്ത 2019 ലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്, 23 കേസുകൾ. പെൺകുട്ടികളെ ശല്യം ചെയ്യൽ, മോഷണം, നിയവിരുദ്ധ ഫോട്ടോഗ്രാഫി, പൊതു സ്ഥലത്ത്‌ ശല്യമുണ്ടാക്കൽ തുടങ്ങിയ കേസുകളാണ് കൊച്ചി മെട്രൊ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 ൽ ഒരു പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്കനെതിരെയാണിത്. ഉപഭോക്താവിന് ലഹരി കൈമാറാൻ മെട്രൊ സ്റ്റേഷന് സമീപം കാത്തു നിന്ന ആൾക്കെതിരെ എൻ ഡി പി എസ് നിയമം അനുസരിച്ചുള്ള ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊഴികെ മറ്റെല്ലാം നിസാര കേസുകളാണ്. അന്യ സംസ്ഥാനക്കാരാണ് ഒട്ടുമിക്ക കേസിലും ഉൾപ്പെട്ടിട്ടുള്ളത്.

കാര്യമായ കുറ്റകൃത്യങ്ങൾ ഇല്ലാതായതോടെ മെട്രൊ സ്റ്റേഷൻ എസ് എച്ച് ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സമീപമുള്ള സ്റ്റേഷനുകളിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും വിനിയോഗിക്കാറുണ്ട്. ഒരു ചീഫ് ഇൻസ്പെക്റ്റർ, ഒരു വനിത ഉൾപ്പെടെ മൂന്ന് സബ് ഇൻസ്പെക്റ്റർമാർ, മൂന്ന് എ എസ് ഐമാർ, 16 പൊലീസുകാർ എന്നിവരുൾപ്പെടെ 23 ഓഫീസർമാരാണ് കൊച്ചി മെട്രൊ സ്റ്റേഷനിലുള്ളത്. മെട്രൊ സ്റ്റേഷനുകളിലെ സുശക്തമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മെട്രൊ പരിധിക്കുള്ളിൽ എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ രക്ഷപ്പെടുക എന്നത് അസാധ്യമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. ഇത് കുറ്റകൃത്യങ്ങൾ കുറയാൻ സഹായിച്ചിട്ടുണ്ട്. സിസിടിവി ഫൂട്ടേജ് പരിശോധിച്ച് കേസെടുത്ത സംഭവങ്ങളുമുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണവും ഉണ്ടെങ്കിൽ കുറ്റകൃത്യ നിരക്ക് ഗണ്യമായി കുറയും എന്നതിന്‍റെ തെളിവാണ് കൊച്ചി മെട്രൊ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com